ഏഷ്യന്‍ കപ്പ് ഫുട്ബോള്‍: ഫൈനല്‍ പോരാട്ടത്തിനും അല്‍ബെയ്ത്ത് സ്റ്റേഡിയം വേദിയാകും
|ലോകകപ്പിന്‍റെ ഉദ്ഘാടന പോരാട്ടം നടന്ന ഖത്തറിന്‍റെ അഭിമാന വേദിയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍, പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളും നടക്കും
ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ പോരാട്ടത്തിനും അല്‍ബെയ്ത്ത് സ്റ്റേഡിയം വേദിയാകും. ഇന്ത്യയുടെ രണ്ട് മത്സരങ്ങള്‍ അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലും അവസാന മത്സരം അല്‍ബെയ്ത്ത് സ്റ്റേഡിയത്തിലും നടക്കും.
ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന മത്സരം അല്‍ബെയ്ത്ത് സ്റ്റേഡിയത്തിലായിരിക്കുമെന്ന് നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 69000 ത്തോളം പേര്‍ക്ക് കളിയാസ്വദിക്കാവുന്ന വേദിയില്‍ തന്നെയാണ് കലാശപ്പോരും നടക്കുന്നത്. ലോകകപ്പിന്‍റെ ഉദ്ഘാടന പോരാട്ടം നടന്ന ഖത്തറിന്‍റെ അഭിമാന വേദിയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍, പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളും നടക്കും.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-സിറിയ മത്സരവും ഇവിടെയാണ് നടക്കുക. വലിയ വേദിയില്‍ മത്സരം നടക്കുന്നത് ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് നേരിട്ട് കളി കാണാനുള്ള അവസരം ഒരുക്കും. ജനുവരി 23നാണ് മത്സരം. ഇന്ത്യയുടെ ആസ്ത്രേലിയക്കെതിരെയും ഉസ്ബകിസ്താനെതിരെയും ഉള്ള ആദ്യ രണ്ട് മത്സരങ്ങള്‍ അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ്. ഈ സ്റ്റേഡിയത്തിനും നാല്‍പത്തയ്യായിരത്തിലേറെ ആരാധകരെ ഉള്‍ക്കൊള്ളാനാകും. ജനുവരി 13ന് ആസ്ത്രേലിയക്കെതിരെയും 18ന് ഉസ്ബകിസ്താനെതിരെയുമാണ് മത്സരങ്ങള്‍.