ഏഷ്യൻ കപ്പ് ഫുട്‌ബോൾ ഫലസ്തീൻ ഐക്യദാർഢ്യത്തിന് കൂടിയുള്ള വേദിയാകുമെന്ന് സംഘാടകർ
|ഏഷ്യൻകപ്പിലെ ടിക്കറ്റ് വരുമാനം ഗസ്സയ്ക്ക് നൽകുമെന്ന് ഖത്തർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ദോഹ: ഏഷ്യൻ കപ്പ് ഫുട്‌ബോൾ ഫലസ്തീൻ ഐക്യദാർഢ്യത്തിന് കൂടിയുള്ള വേദിയാകുമെന്ന് ഖത്തറിലെ പ്രാദേശിക സംഘാടകരായ ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി. ഏഷ്യൻകപ്പിലെ ടിക്കറ്റ് വരുമാനം ഗസ്സയ്ക്ക് നൽകുമെന്ന് ഖത്തർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വൻകര സംഗമിക്കുന്ന വേദിയാണ് ഏഷ്യൻ കപ്പ് ഫുട്‌ബോൾ, ടൂർണമെന്റിൽനിന്നുള്ള വരുമാനം ഗസ്സക്ക് നൽകുന്നതിനപ്പുറം ഫലസ്തീൻ ഐക്യദാർഢ്യത്തിനുള്ള വേദി കൂടിയായി ടൂർണമെന്റ് മാറുമെന്ന് ഇവന്റ് ചുമതലയുള്ള മീദ് അൽ ഇമാദിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമായ ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു. നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്, നിങ്ങളെ ഞങ്ങൾ മറക്കില്ല, ഗസ്സയിൽ പാവപ്പെട്ട മനുഷ്യർ പിടഞ്ഞുവീഴുമ്പോൾ ഏഷ്യൻ കപ്പ് ചടങ്ങുകൾ ആഘോഷമാക്കനാവില്ലെന്നും മീദ് അൽ ഇമാദി വ്യക്തമാക്കി.
വെടിനിർത്തലിനായുള്ള ശ്രമങ്ങൾക്കൊപ്പം ഗസ്സയിലേക്ക് വൻ തോതിൽ സഹായമെത്തിക്കുന്നതും ഖത്തറാണ്. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ ഇറ്റലിയുമായി ചേർന്ന് ഈജിപ്ത് തീരത്ത് കപ്പലിൽ ആശുപത്രി സംവിധാനവും ഖത്തർ ഒരുക്കിയിട്ടുണ്ട്.