ഖത്തറിലെ ഏഷ്യൻ കപ്പ് മത്സര ചിത്രം തെളിഞ്ഞു; ഉദ്ഘാടന മത്സരം ആതിഥേയരും ലബനനും തമ്മിൽ
|ഇന്ത്യയടക്കം 24 ടീമുകളെ 6 ഗ്രൂപ്പുകളായി തിരിക്കുന്ന പ്രക്രിയയാണ് പൂർത്തിയായത്
ദോഹ: ഖത്തറിൽ അടുത്ത വർഷം നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ മത്സര ചിത്രം തെളിഞ്ഞു. ഖത്തറും ലബനനും തമ്മിലാണ് ഉദ്ഘാടന മത്സരം. ദോഹയിലെ കതാറ ഒപേര ഹാളിലാണ് നറുക്കെടുപ്പ് നടന്നത്. മുൻ ഇന്ത്യൻ വനിതാ താരം മെയ്‌മോൾ റോക്കിയും നറുക്കെടുപ്പ് സംഘത്തിലുണ്ടായിരുന്നു.
ഇന്ത്യയടക്കം 24 ടീമുകളെ 6 ഗ്രൂപ്പുകളായി തിരിക്കുന്ന പ്രക്രിയയാണ് പൂർത്തിയായത്. ഗ്രൂപ്പ് എയിൽ ആതിഥേയരും നിലവിലെ ചാമ്പ്യൻമാരുമായ ഖത്തറിനൊപ്പം ചൈന, താജികിസ്താൻ, ലബനൻ എന്നീ ടീമുകളാണ് ഉള്ളത്. ബി ഗ്രൂപ്പിൽ ആസ്‌ത്രേലിയ, ഉസ്ബകിസ്താൻ, സിറിയ, ഇന്ത്യ ടീമുകൾ ഇടം പിടിച്ചു. ഇറാനും യുഎഇയും ബലാബലം നടത്തുന്ന സി ഗ്രൂപ്പിൽ ഹോങ്കോങ്ങും പലസ്തീനും ഭാഗ്യപരീക്ഷണത്തിന് ഇറങ്ങും.
ഗ്രൂപ്പ് ഡിയിൽ ശക്തരായ ജപ്പാന് വെല്ലുവിളികളുമായി ഇന്തോനേഷ്യ, ഇറാഖ്, വിയറ്റ്‌നാം എന്നീ ടീമുകളുണ്ട്. ദക്ഷിണ കൊറിയയാണ് ഇ ഗ്രൂപ്പിലെ ശ്രദ്ധാ കേന്ദ്രം. മലേഷ്യ, ജോർദാൻ, ബഹ്‌റൈൻ എന്നിവരാണ് മറ്റു ടീമുകൾ. അവസാന ഗ്രൂപ്പായ എഫിൽ സൗദി അറേബ്യ, തായ്‌ലൻഡ്, കിർഗിസ്താൻ, ഒമാൻ ടീമുകൾ നോക്കൗട്ട് ലക്ഷ്യമാക്കി ഇറങ്ങും.
Asian Cup in Qatar; The opening match is between the hosts and Lebanon