Qatar
ഗസ്സയിലെ ഖത്തർ കമ്മിറ്റി ആസ്ഥാനത്തിനു നേരെയും ആക്രമണം; പ്രതിഷേധവുമായി അറബ് രാജ്യങ്ങള്‍
Qatar

ഗസ്സയിലെ ഖത്തർ കമ്മിറ്റി ആസ്ഥാനത്തിനു നേരെയും ആക്രമണം; പ്രതിഷേധവുമായി അറബ് രാജ്യങ്ങള്‍

Web Desk
|
14 Nov 2023 8:01 PM GMT

ആക്രമണത്തിൽ സൗദി അറേബ്യയും ശക്തമായി പ്രതിഷേധിച്ചു

ദോഹ: ഗസ്സയുടെ പുനർനിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന ഖത്തർ കമ്മിറ്റി ആസ്ഥാനത്തിനു നേരെയുണ്ടായ ഇസ്രായേല്‍ ആക്രമണത്തെ ഖത്തർ വിദേശകാര്യമന്ത്രാലയം അപലപിച്ചു. സാധാരണ ജനങ്ങൾ, ആശുപത്രികൾ, സ്‌കൂളുകൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളെയും വ്യക്തികളെയും ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് മന്ത്രാലയം വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

ഫലസ്തീൻ ജനതക്ക് പുതിയൊരു ജീവിതം സമ്മാനിക്കുക എന്ന ലക്ഷ്യവുമായാണ് ഗസ്സ പുനർനിർമാണത്തിനുള്ള ഖത്തർ കമ്മിറ്റി പ്രവർത്തിക്കുന്നത്. നിരപരാധികൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും തുടരുന്ന ആക്രമണം തടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ഗസ്സയിലെ ഖത്തർ കമ്മറ്റി ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിൽ സൗദി അറേബ്യയും ശക്തമായി പ്രതിഷേധിച്ചു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും മാനദണ്ഡങ്ങളെയും ഇസ്രായിൽ സൈന്യം ലംഘിക്കുകയാണെന്നും സൗദി വ്യക്തമാക്കി.

യു.എ.ഇ, കുവൈത്ത്, ഒമാൻ, ഈജിപ്ത്, ജോർഡൻ, ജി.സി.സി കമ്മിറ്റി, ഒ.ഐ.സി തുടങ്ങിയവയും നടപടിയെ ശക്തമായ ഭാഷയിൽ അപലപിച്ചു.

2012ലാണ് ജീവകാരുണ്യ, വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് ഗസ്സിയിൽ പുനർനിർമാണ കമ്മിറ്റി പ്രവർത്തനമാരംഭിച്ചത്. കുടുംബങ്ങൾക്ക് തൊഴിൽ, ധനസഹായം, വിദ്യഭ്യാസ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ പദ്ധതികൾ ഇതുവഴി നടപ്പാക്കുന്നുണ്ട്.

തകർത്ത കെട്ടിടത്തിനു മുകളിൽ ഇസ്രായേലിന്റെ അടയാളമായ സ്റ്റാർ ഓഫ് ഡേവിഡ് പെയിന്റ് ചെയ്ത ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Similar Posts