ഖത്തറിന് ചൈനയുടെ സമ്മാനം; പാണ്ടകൾക്ക് ഖത്തറിൽ രാജകീയ വരവേൽപ്പ്
|ഖത്തർ എയർവേസ് വിമാനത്തിൽ പറന്നിറങ്ങിയ സുഹൈലിനും തുറായ്ക്കും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.
ദോഹ: ലോകകപ്പിനായി ചൈന സമ്മാനമായി നൽകിയ പാണ്ടകൾ ഖത്തറിലെത്തി. ഖത്തർ എയർവേസ് വിമാനത്തിൽ പറന്നിറങ്ങിയ സുഹൈലിനും തുറായ്ക്കും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. രാജകീയമായിരുന്നു വരവേൽപ്പ്, സുഹൈലിനെയും തുറായയെയും വഹിച്ച് ചൈനയിൽ നിന്നും എത്തിയ വിമാനം ദോഹയിൽ നിലംതൊട്ടപ്പോൾ സ്വീകരിക്കാൻ ഒരുകൂട്ടം ടോയ് പാണ്ടകളുമായാണ് ആതിഥേയരെത്തിയത്.
ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ പാണ്ട ബേസ് ക്യാമ്പിൽ നിന്നാണ് ഇരുവരും വരുന്നത്. പ്രത്യേകം സജ്ജീകരിച്ച വിമാനത്തിലായിരുന്നു യാത്ര. ചൈനയിൽ നിന്നും ആദ്യമായി മധ്യപൂർവേഷ്യൻ രാജ്യത്തേക്ക് യാത്രചെയ്യുന്ന പാണ്ടകൾ എന്ന റെക്കോഡും ഇവർക്കായി. അൽ ഖോറിലെ പാർക്ക് ആണ് ഇവരുടെ പുതിയ വാസസ്ഥലം, ഖത്തറിലെ ചൈനീസ് അംബാസഡർ ഉൾപ്പെടെ സ്വീകരിക്കാൻ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ചൈനയിലെ യാത്രയയപ്പും രാജ്യാന്തര മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ജൈവ വൈവിധ്യ പരിപാലനത്തിനായി 2020ൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ഭീമൻ പാണ്ടകളെ ചൈന ഖത്തറിന് കൈമാറിയത്.