ലോകകപ്പ് ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കണോ..? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
|ലോകകപ്പ് ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കാൻ ആഗ്രഹമുണ്ടോ..? എങ്കിൽ ഇപ്പോൾ അതിനുള്ള അവസരമൊരുക്കിയിരിക്കുകയാണ് പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി.
ലോകകപ്പിന്റെ 100 ദിന കൌണ്ട്ഡൌൺ വിവിധ പരിപാടികളോടെ വർണാഭമാക്കാനാണ് പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റിയുടെ തീരുമാനം. ഈ ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്കാണ് അൽബൈത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഖത്തർ-ഇക്വഡോർ ഉദ്ഘാടന മത്സരത്തിന്റെ ഏറ്റവും ഉയർന്ന ടിക്കറ്റുകൾ സമ്മാനമായി ലഭിക്കാൻ അവസരമുള്ളത്.
ഈ മാസം 11 മുതൽ 13 വരെ ഖത്തറിലെ വിവിധ മാളുകളിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ ആഗസ്റ്റ് 11 മുതൽ 13 വരെ ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി 10 മണിവരെ ആഘോഷ പരിപാടികൾ നടക്കും. വെൻഡോം മാളിലും ഇതേ സമയം പരിപാടികൾ നടക്കും.
മാൾ ഓഫ് ഖത്തറിൽ ആഗസ്റ്റ് 12നും 13നുമാണ് പരിപാടികൾ നടക്കുന്നത്. പ്രത്യേകം ശ്രദ്ധിക്കുക, ഖത്തറിലെ താമസക്കാർക്ക് മാത്രമാണ് ഇങ്ങനെ ആഘോഷങ്ങളിൽ പങ്കെടുത്ത് ടിക്കറ്റ് സ്വന്തമാക്കാൻ കഴിയുക. കൂടാതെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർ അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കണമെന്നും സുപ്രീംകമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
ഫൺ ഗെയിംസ്, വിവിധ ഷോകൾ, എന്നിവയ്ക്കൊപ്പം ആരാധകർക്ക് ഫുട്ബോൾ സ്കിൽസ് പ്രകടിപ്പിക്കാനും അവസരമുണ്ടായിരിക്കും.