ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തുടക്കം
|42 രാജ്യങ്ങളിൽ നിന്നായി 515 പ്രസാധകരാണ് ഇത്തവണ പങ്കെടുക്കുന്നത്
ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തുടക്കം. നാളെ മുതൽ മെയ് 18 വരെയാണ് ദോഹ പുസ്തകോത്സവം നടക്കുക. 42 രാജ്യങ്ങളിൽ നിന്നായി 515 പ്രസാധകരാണ് ഇത്തവണ പങ്കെടുക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമാണിത്.
1972 ൽ തുടങ്ങിയ പുസ്തകോത്സവത്തിന്റെ 33ാമത് പതിപ്പാണ് ഇത്തവണ നടക്കുന്നത്. ആദ്യ ഘട്ടത്തിൽ രണ്ട് വർഷത്തിൽ ഒരിക്കൽ നടത്തിയിരുന്ന പുസ്തകോത്സവം 2002 മുതലാണ് എല്ലാവർഷവും നടത്താൻ തുടങ്ങിയത്. ഇത്തവണ ഒമാനാണ് പ്രത്യേക അതിഥി രാജ്യം.
ഉദ്ഘാടന ദിവസമായ നാളെ രാവിലെ 11.45 മുതൽ രാത്രി പത്ത് വരെ പുസ്തകോത്സവ വേദി സന്ദർശിക്കാം. വെള്ളിയൊഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മുതൽ രാത്രി 10 മണി വരെയുമാണ് പുസ്തകോത്സവ വേദിയിലേക്ക് പ്രവേശനം. ഇന്ത്യയിൽ നിന്ന് ഐ.പി.എച്ചിന് ഇത്തവണയും സ്റ്റാളുണ്ട്. പ്രത്യേക നിരക്ക് ഇളവോടെ മലയാള പുസ്തകങ്ങൾ ഉൾപ്പെടെ ഇവിടെ നിന്നും സ്വന്തമാക്കാം