സഞ്ചാരികൾക്ക് ഏറ്റവും സുരക്ഷിതത്വം നൽകുന്ന നഗരങ്ങളിൽ ഇടം പിടിച്ച് ദോഹ
|ഏറ്റവും സുരക്ഷിതത്വം കുറഞ്ഞ ടൂറിസ്റ്റ് നഗരങ്ങളിൽ ഡൽഹിയും
വിനോദ സഞ്ചാരികൾക്ക് ഏറ്റവും സുരക്ഷിത നഗരങ്ങളിൽ ഇടം പിടിച്ച് ഖത്തർ തലസ്ഥാനമായ ദോഹ. ബ്രിട്ടീഷ് സെക്യൂരിറ്റി ട്രെയ്നിങ് ഏജൻസിയായ 'ഗെറ്റ് ലൈസൻസ്ഡ്' നടത്തിയ സർവേയിലാണ് ഖത്തർ നഗരം സുരക്ഷിത നഗരങ്ങളിൽ ആദ്യ പത്തിലെത്തിയത്.
ഏഷ്യയിൽ നിന്ന് ദോഹ ഉൾപ്പെടെ അഞ്ചു നഗരങ്ങളാണ് പട്ടികയിലുള്ള. ജപ്പാനിൽ നിന്നുള്ള ക്യോട്ടോ, ടോക്യോ, തായ്പെയ്, സിംഗപ്പൂർ എന്നിവയാണ് മറ്റു ഏഷ്യൻ നഗരങ്ങൾ. കുറ്റകൃത്യങ്ങൾ, കൊലപാതക നിരക്ക്, പൊലീസ് സംവിധാനങ്ങളിലെ വിശ്വസനീയത, മോഷണം പിടിച്ചുപറി എന്നിവയെ കുറിച്ചുള്ള ആശങ്ക എന്നിവയെല്ലാമായിരുന്നു സർവേയിലെ ചോദ്യങ്ങൾ.
ലോകത്തെ പ്രശസ്തമായ 100 വിനോദ സഞ്ചാര നഗരങ്ങൾ കേന്ദ്രീകരിച്ചാണ് സർവേ നടത്തിയത്. സ്ലൊവേനിയൻ തലസ്ഥാനമായ ലുബ്ലാനയാണ് ലോകത്തെ ഏറ്റവും സുരക്ഷിതത്വമുള്ള നഗരം. പട്ടികയിൽ പത്താമതാണ് ദോഹ.
മെക്സിക്കോ സിറ്റി, മനില തുടങ്ങിയ നഗരങ്ങൾക്കൊപ്പം ലോകത്തെ ഏറ്റവും സുരക്ഷിതത്വം കുറഞ്ഞ ടൂറിസ്റ്റ് നഗരങ്ങളിലൊന്നായി ഡൽഹിയും പട്ടികയിലുണ്ട്. കഴിഞ്ഞവർഷം 'ഹോളിഡു' സർവേയിലും ദോഹയെ ഏറ്റവും സുരക്ഷിത നഗരമായി തെരഞ്ഞെടുത്തിരുന്നു. ഏകാംഗ വനിതാ യാത്രികർ തെരഞ്ഞെടുക്കുന്ന നഗരമായും ദോഹ മുൻനിരയിലുണ്ട്.
ഖത്തർ ടൂറിസം കഴിഞ്ഞയാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ജനുവരി, ഫെബ്രുവരി മാസതതിൽ 7.30 ലക്ഷം പേരാണ് ഖത്തറിൽ സന്ദർശകരായി എത്തിയത്. മുൻ വർഷത്തേക്കാൾ 347 ശതമാനം കൂടുതലാണിതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.