Qatar
സ്ത്രീകള്‍ക്ക് തനിച്ച് സുരക്ഷിതമായി യാത്ര ചെയ്യാവുന്ന നഗരങ്ങളില്‍ മുന്നിലെത്തി ദോഹയും
Qatar

സ്ത്രീകള്‍ക്ക് തനിച്ച് സുരക്ഷിതമായി യാത്ര ചെയ്യാവുന്ന നഗരങ്ങളില്‍ മുന്നിലെത്തി ദോഹയും

Web Desk
|
25 Feb 2022 1:13 PM GMT

ലാകരാജ്യങ്ങളില്‍ 15ാമതാണ് ഖത്തര്‍ നഗരം

സ്ത്രീകള്‍ക്ക് തനിച്ച് യാത്ര ചെയ്യാന്‍ സുരക്ഷിതമായ നഗരങ്ങളിലൊന്നായി ദോഹയെ തെരഞ്ഞെടുത്തു. ബ്രിട്ടണ്‍ ആസ്ഥാനമായ ഹോളിഡു വെബ്‌സൈറ്റിന്റെ പഠനത്തിലാണ് ഈ നേട്ടം. കോവിഡാനന്തര കാലത്തെ സോളോ ഫീമെയില്‍ ട്രാവല്‍ ഇന്‍ഡക്‌സ് പ്രകാരമാണ് സുരക്ഷിത നഗരങ്ങളുടെ ഇന്‍ഡക്‌സ് തയ്യാറാക്കിയത്. തെരുവുകളിലെ സുരക്ഷ, കുറ്റകൃത്യങ്ങളുടെ തോത്, സംസ്‌കാരം, യാത്രാ ചിലവുകള്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്.

50 നഗരങ്ങളുടെ പട്ടികയില്‍ മേഖലയില്‍ നിന്നും ഇടം പിടിച്ച ഏക നഗരവും ദോഹ മാത്രമാണ്. സൂചികയില്‍, ഒറ്റക്കു യാത്ര ചെയ്യുമ്പോള്‍ രാത്രിയില്‍ ഏറ്റവും സുരക്ഷിതമായ അഞ്ചാമത്തെ നഗരമായും രാത്രിയില്‍ ഏറ്റവും കൂടുതല്‍ പ്രകാശമുള്ള

മൂന്നാമത്തെ നഗരമായും സ്ത്രീകള്‍ ദോഹയെ കാണുന്നു. രാത്രി സഞ്ചാരത്തിനും, താമസ ഇടങ്ങളിലേക്കുള്ള സുരക്ഷിതമായ യാത്രക്കുമെല്ലാം ദോഹയെ ഏറെ സുരക്ഷിത ഇടമായാണ് സ്ത്രീകള്‍ പരിഗണിക്കുന്നതെന്ന് പട്ടികയില്‍ വ്യക്തമാക്കുന്നു. കാനഡയിലെ മോട്രിയോള്‍, ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോ, സ്ലൊവേനിയന്‍ തലസ്ഥാനമായ യുബ്ലാന എന്നിവയാണ് പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനത്തുള്ളത്. രാത്രി കാല ജീവിതങ്ങളില്‍ പേരു കേട്ടവയാണ് ഇവ.

അതേസമയം, ടൊറന്റോ, സിംഗപ്പൂര്‍, ടോക്യോ എന്നീ നഗരങ്ങളേക്കാള്‍ മുന്നിലാണ് ദോഹയുടെ സ്ഥാനം.

കോവിഡിനെ എങ്ങിനെ അതിജയിച്ചു എന്നതും, കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളിലെ കുറ്റകൃത്യങ്ങളുടെ തോതും റാങ്കിങ്ങില്‍ ഘടകമായി പരിഗണിച്ചിട്ടുണ്ട്. തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകളില്‍ 49 ശതമാനം പേരും കോവിഡ് സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കുന്നതായി 'ഹോളിഡു' വിശദീകരിക്കുന്നു.

യാത്ര ആസൂത്രണം ചെയ്യുമ്പോള്‍ കോവിഡ് നിയന്ത്രണങ്ങളും, രോഗ വ്യാപന തോതുമെല്ലാം പരിഗണിച്ചാണ് സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നത് എന്നതും പ്രത്യേകതയാണ്. ലോകകപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന വര്‍ഷത്തില്‍ രാജ്യാന്തര പ്രശസ്തരായ ഏജന്‍സിയുടെ മികച്ച റാങ്കിങ് ഖത്തറിനും അഭിമാനകരമാണ്.

Similar Posts