ദോഹ ജ്വല്ലറി ആന്റ് വാച്ചസ് പ്രദർശനം ഈ മാസം 20 മുതൽ
|ദോഹ ജ്വല്ലറി ആന്റ് വാച്ചസ് പ്രദർശനം ഈ മാസം 20 മുതൽ 25 വരെ നടക്കും. ഇന്ത്യയിൽ നിന്ന് ഉൾപ്പെടെ അഞ്ഞൂറിലേറെ അന്താരാഷ്ട്ര ബ്രാൻഡുകൾ പ്രദർശനത്തിന്റെ ഭാഗമാകും. ദോഹ എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററാണ് ജ്വല്ലറി ആന്റ് വാച്ചസ് പ്രദർശനത്തിന്റെ വേദി. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാകും ഇത്തവണയും ഡി.ജെ.ഡബ്ല്യു ഒരുക്കുക. വിലയേറിയ
രത്‌നങ്ങളും കല്ലുകളും പതിച്ച ആഭരണങ്ങൾ, ഏറ്റവും പുതിയതും അത്യാഢംബര ശ്രേണിയിലുള്ളതുമായ വാച്ചുകൾ എന്നിവ പ്രദർശനത്തിനുണ്ടാകും.
പ്രാദേശിക, അന്താരാഷ്ട്ര തലത്തിലുള്ള ഡിസൈനർമാരും ബ്രാൻഡുകളുമാണ് പങ്കെടുക്കുന്നത്. ഇത്തവണത്തെ പ്രദർശനത്തിന്റെ സെലിബ്രിറ്റി മുഖം ആരായിരിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാമെന്ന് ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സിഇയുമായ അക്ബർ അൽ ബാകിർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ തവണ ബോളിവുഡ് താരം ആലിയ ഭട്ട് ആയിരുന്നു സെലിബ്രിറ്റി താരം. ഇന്ത്യയിൽ നിന്നും തുർക്കിയിൽ നിന്നും ആഭരണ നിർമാതാക്കളുടെ പ്രത്യേക പവലിയനുണ്ടാകും. വാർത്താസമ്മേളനത്തിൽ ഖത്തർ നാഷനൽ ബാങ്ക് ഗ്രൂപ്പ് ചീഫ് ബിസിനസ് ഓഫിസർ യൂസുഫ് മുഹമ്മദ് ഹുസൈൻ അൽ നെയ്മ, ഖത്തർ ടൂറിസം ഷെയേർഡ് സർവീസ് വിഭാഗം ഡയരക്ടർ ഒമർ അബ്ദു റഹ്മാൻ അൽ ജാബർ എന്നിവരും പങ്കെടുത്തു.