ജീവിക്കാൻ ഏറ്റവും അനുയോജ്യമായ അറബ് നഗരങ്ങളിൽ ദോഹയ്ക്ക് നാലാം സ്ഥാനം
|മിഡിലീസ്റ്റ് മേഖലയിൽ അബൂദബി, ദുബൈ, കുവൈത്ത് സിറ്റി എന്നീ നഗരങ്ങളാണ് ഖത്തറിന് മുന്നിലുള്ളത്.
ദോഹ : ജീവിക്കാൻ അനുയോജ്യമായ ലോകത്തിലെ മികച്ച നഗരങ്ങളിൽ ഇടംപിടിച്ച് ദോഹ. മിഡിലീസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലയിൽ നാലാം സ്ഥാനത്താണ് ഖത്തർ തലസ്ഥാനം ഇടം പിടിച്ചത്. എക്കണോമിസ്റ്റ് ഇന്റലിജന്റ്‌സ് യൂണിറ്റാണ് പട്ടിക തയ്യാറാക്കിയത് .
സുരക്ഷ, ആരോഗ്യം, പരിസ്ഥിതി, സംസ്‌കാരം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം തുടങ്ങി വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. ഇതു പ്രകാരം 73.4 ആണ് ദോഹയുടെ ഇൻഡക്‌സ് സ്‌കോർ. ആകെ 173 നഗരങ്ങളാണ് പട്ടികയിലുള്ളത്. മെനാ മേഖലയിൽ അബൂദബി, ദുബൈ, കുവൈത്ത് സിറ്റി എന്നീ നഗരങ്ങളാണ് ഖത്തറിന് മുന്നിലുള്ളത്.
ഇതിൽ അബുദബിയുടെയും ദുബൈയുടെയും ഇൻഡക്‌സ് സ്‌കോർ 80ന് മുകളിലാണ്. 80 മുകളിൽ സ്‌കോർ ചെയ്യുന്ന നഗരങ്ങളെ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നഗരങ്ങളായാണ് വിലയിരുത്തുന്നത്. തുടർച്ചയായ മൂന്നാം വർഷവും ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയാണ് പട്ടികയിൽ മുന്നിൽ. കോപ്പൻ ഹേഗൻ രണ്ടാംസ്ഥാനത്തും, സൂറിച്ച് മൂന്നാം സ്ഥാനത്തുമാണ്. ഗസ്സ ആക്രമണം ഇസ്രായേൽ നഗരമായ ടെൽ അവീവിന് വലിയ തിരിച്ചടിയുണ്ടാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 20 സ്ഥാനങ്ങളാണ് ടെൽഅവീവ് താഴേക്ക് പതിച്ചത്. ആദ്യ നൂറിൽ നിന്നും പുറത്തായ ഇസ്രായേൽ നഗരം ഇത്തവണ 112ാം സ്ഥാനത്താണ്