ഖത്തറിൽ മിക്കൈനീസ് ക്വാറന്‍റൈന്‍റെ കാലയളവ് കുറച്ചു
|രാജ്യത്ത് ഇന്ന് 133 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
വാക്സിനെടുക്കാതെ തൊഴില്‍വിസയില്‍ ഖത്തറിലെത്തുന്ന ഗാര്‍ഹിക ജീവനക്കാര്‍ക്കും താഴ്ന്ന വരുമാനക്കാരായ മറ്റ് തൊഴിലാളികള്‍ക്കുമായി ഏര്‍പ്പെടുത്തിയ മിക്കൈനീസ് ക്വാറന്‍റൈന്‍റെ കാലയളവ് പത്ത് ദിവസമായി കുറച്ചു. നേരത്തെ പതിനാല് ദിവസമായിരുന്നു ഇതിന്‍റെ കാലപരിധി. ഇതിനായി ഡിസ്കവര്‍ ഖത്തര്‍ വെബ്സൈറ്റില്‍ പത്ത് ദിവസത്തേക്കുള്ള ബുക്കിങ്ങാണ് നിലവില്‍ സ്വീകരിക്കുന്നത്.
പതിനാല് ദിവസത്തേക്കായി നേരത്തെ ബുക്ക് ചെയ്തവർക്ക് അധികം വന്ന ദിവസത്തേക്കുള്ള പണം തിരികെ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഹോട്ടൽ ക്വാറന്‍റൈനില്‍ പരമാവധി രണ്ട് പേര്‍ക്ക് മാത്രമേ റൂം പങ്കിടാന്‍ കഴിയുകയുള്ളൂവെങ്കില്‍ കുറഞ്ഞ നിരക്കില്‍ കൂടുതൽ പേര്‍ക്ക് കഴിയാവുന്ന സൗകര്യമാണ് മിക്കൈനീസ് ക്വാറന്‍റൈന്‍.
അതിനിടെ രാജ്യത്ത് ഇന്ന് 133 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 68 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം പകര്‍ന്നപ്പോള്‍ 65 പേര്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. പുതിയ മരണങ്ങളൊന്നും രാജ്യത്ത് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.