Qatar
ഇക്വഡോര്‍ താരത്തിന്റെ പൗരത്വ വിവാദം; അന്താരാഷ്ട്ര കായിക കോടതി വാദം കേള്‍ക്കും
Qatar

ഇക്വഡോര്‍ താരത്തിന്റെ പൗരത്വ വിവാദം; അന്താരാഷ്ട്ര കായിക കോടതി വാദം കേള്‍ക്കും

Web Desk
|
14 Oct 2022 7:17 PM GMT

നിയമപോരാട്ടം തുടര്‍ന്ന് ചിലി

ദോഹ: ഇക്വഡോറിന്റെ ലോകകപ്പ് യോഗ്യതയുമായി ബന്ധപ്പെട്ട ചിലി നല്‍കിയ പരാതിയില്‍ നവംബര്‍ നാലിനും അഞ്ചിനും അന്താരാഷ്ട്ര കായിക കോടതി വാദം കേള്‍ക്കും. ഫിഫ പരാതി തള്ളിയതോടെയാണ് ചിലി അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ചത്. ഇക്വഡോര്‍ താരം ബൈറന്‍ കാസിയോയുടെ പൗരത്വവുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്താരാഷ്ട്ര കായിക കോടതി വാദം കേള്‍ക്കുന്നത്. കാസിയോ കൊളംബിയന്‍ പൗരനാണെന്നും ഇക്വഡോര്‍ പൌരത്വം സംബന്ധിച്ച രേഖകള്‍ വ്യാജമാണെന്നുമാണ് ചിലിയുടെ പരാതി.

വ്യാജരേഖകള്‍ ഹാജരാക്കി പൗരത്വം ചമച്ചതിന് ഇക്വഡോറിനെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ചിലി നല്‍കിയ പരാതി ഫിഫ തള്ളിയിരുന്നു. ഇക്വഡോറിന് കളിക്കാന്‍ കാസിയോ ഹാജരാക്കിയ രേഖകള്‍ പര്യാപ്തമാണെന്നാണ് ഫിഫയുടെ വിലയിരുത്തല്‍. എന്നാല്‍ കേസ് അന്താരാഷ്ട്ര കായിക കോടതിയിലെത്തിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ഫിഫ തയ്യാറായിട്ടില്ല. കാസിയോയോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നവംബര്‍ 10ന് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.

നവംബര്‍ 20ന് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഖത്തറിനെ നേരിടേണ്ട ടീമാണ് ഇക്വഡോര്‍.

Similar Posts