Qatar
Eid Festival at Katara Cultural Village have concluded
Qatar

കതാറ കൾച്ചറൽ വില്ലേജിലെ പെരുന്നാൾ ആഘോഷ പരിപാടികൾ സമാപിച്ചു

Web Desk
|
20 Jun 2024 2:32 PM GMT

പെരുന്നാൾ ദിനത്തിൽ ഖത്തറിൽ ഏറ്റവും കൂടുതൽ ജനമൊഴുകിയെത്തിയത് സാംസ്‌കാരിക നഗരിയായ കതാറയിലേക്കായിരുന്നു

ദോഹ: ബലിപെരുന്നാൾ ആഘോഷം വർണാഭമാക്കി ഖത്തറിന്റെ സാംസ്‌കാരിക കേന്ദ്രമായ കതാറ കൾച്ചറൽ വില്ലേജ്. കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിപുലമായ വിനോദപരിപാടികളാണ് പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ചത്. നാല് ദിനം നീണ്ടുനിന്ന ആഘോഷ പരിപാടികൾ സമാപിച്ചു.

പെരുന്നാൾ ദിനത്തിൽ ഖത്തറിൽ ഏറ്റവും കൂടുതൽ ജനമൊഴുകിയെത്തിയത് സാംസ്‌കാരിക നഗരിയായ കതാറയിലേക്കായിരുന്നു. സ്വദേശികളും പ്രവാസികളുമായി പതിനായിരത്തിലധികം പേരാണ് കതാറയിലെത്തിയത്. വർണങ്ങൾ ചിന്നിച്ചിതറിയ കൂറ്റൻ വെടിക്കെട്ട് തന്നെയായിരുന്നു ഏറ്റവും വലിയ ആകർഷണം.

'ദി ഗാർഡൻ ഓഫ് ഡ്രീംസ്'എന്ന നാടകം ഉൾപ്പെടെ സംഗീത-നാടക പ്രദർശനങ്ങൾ അരങ്ങേറി. ചൈന, സിറിയ, മൊറോക്കോ, ജോർദാൻ, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുമുള്ള കലാ സംഘങ്ങളുടെ പ്രകടനങ്ങളുമുണ്ടായിരുന്നു. പരമ്പരാഗത ഖത്തരി അർദാ നൃത്തവും പൊലീസ് മ്യൂസിക് ബാൻഡിന്റെ പ്രത്യേക പ്രദർശനവും കതാറയിലെ ആഘോഷത്തിന് പൊലിമയേകി.

പെരുന്നാൾ ആഘോഷിക്കാനെത്തിയ കുരുന്നുകൾക്കായി വിപുല കലാ ശിൽപശാലകളും മത്സരങ്ങളുമാണ് ഒരുക്കിയത്. കുട്ടികൾക്കായി കതാറ കൾച്ചറൽ വില്ലേജിന്റെ സമ്മാനപ്പൊതികളുമുണ്ടായിരുന്നു. കതാറ ബീച്ചിലേക്ക് കുടുംബങ്ങൾക്ക് മാത്രം പ്രവേശനം അനുവദിച്ചിട്ടും വൻ ജനപങ്കാളിത്തമുണ്ടായി. വൈകീട്ട് മൂന്നുമുതൽ രാത്രി 11വരെ കതാറയിലും പരിസരപ്രദേശങ്ങളിലും വൻ തിരക്കാണനുഭവപ്പെട്ടത്.

Similar Posts