എരഞ്ഞോളി മൂസ പുരസ്കാരം റഫീഖ് അഹമ്മദിന്
|ഖത്തറിലെ സംഗീത കാലസ്വാദകരുടെ കൂട്ടായ്മയായ ഫോം ഖത്തർ ഏർപ്പെടുത്തിയ പുരസാകാരത്തിനാണ് റഫീഖ് അഹ്മദ് അര്‍ഹനായത്
ഖത്തറിലെ സംഗീത കാലസ്വാദകരുടെ കൂട്ടായ്മയായ ഫോം ഖത്തർ ഏർപ്പെടുത്തുന്ന രണ്ടാമത് എരഞ്ഞോളി മൂസ പുരസ്കാരം കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്.മലയാള ചലച്ചിത്ര ഗാന രചനാ രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് റഫീഖ് അഹമ്മദിനെ ഫോം ഖത്തർ എരഞ്ഞോളി മൂസ സ്മാരക അവാർഡിനായി തെരഞ്ഞെടുത്തത്.ഒരു ലക്ഷം രുപയും ശിൽപവും അടങ്ങുന്ന പുരസ്കാരം നവംബർ രണ്ടാം വാരത്തിൽ തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദ്രൻ, പിന്നണി ഗായകനും സംഗീതജ്ഞനുമായ വി.ടി മുരളി, സംഗീത നിരൂപകൻ ഇ. ജയകൃഷ്ണൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. കലാരംഗത്തെ വ്യത്യസ്ത മേഖലകളിലെ പ്രതിഭകൾക്കാണ്ഓരോ വർഷവും ഫോം ഖത്തറിൻെറ എരേഞ്ഞാളി മൂസ പുരസ്കാരം നൽകി വരുന്നത്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ ഷെരീഫിനായിരുന്നു പ്രഥമ പുരസ്കാരം സമ്മാനിച്ചത്.
ഇതോടൊപ്പം, വ്യത്യസ്ത കലാമേഖലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാലു കലാകാരന്മാർക്കുള്ള ആദരവും ഈ വേദിയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കാനേഷ് പൂനൂർ (മാപ്പിളപ്പാട്ട് രചന), കോഴിക്കോട് അബൂബക്കർ (വാദ്യ സംഗീതം), മുരളീധരൻ ടി.കെ (നാടൻ പാട്ട്), വിജയൻ അരങ്ങാടത്ത് (നാടകം) എന്നീ കലാകാരന്മാരെ 25,000 രൂപയും പ്രശസ്തി ഫലകവും നൽകി ആദരിക്കും. കലാസാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ദോഹയിൽ നടന്ന അവാർഡ് പ്രഖ്യാപന ചടങ്ങിൽ ഫോം ഖത്തർ ഭാരവാഹികളായ കെ കെ ഉസ്മാൻ, കെ മുഹമ്മദ് ഈസ, ഇ.എം സുധീർ, ഉപദേശക സമിതി അംഗങ്ങളായ പി.എൻ ബാബുരാജ്, കെ.എം വർഗീസ് തുടങ്ങിയവർ പങ്കെടുത്തു