അതി ശൈത്യം: സിറിയയിലെ ദുരിതബാധിതര്‍ക്ക് സഹായമെത്തിച്ച് ഖത്തര്‍ ചാരിറ്റി
|ഖത്തര്‍ ചാരിറ്റിയുടെ 'ഊഷ്മളതയും സമാധാനവും' കാമ്പയ്നിന്റെ ഭാഗമായാണ് സഹായമെത്തിക്കുന്നത്
അതി ശൈത്യത്തെ തുടര്‍ന്ന് കുടിയിറക്കപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന പതിനായിരക്കണക്കിന് സിറിയക്കാര്‍ക്ക് ദുരിതാശ്വാസ സഹായമൊരുക്കി ഖത്തര്‍. ഖത്തര്‍ ചാരിറ്റിയുടെ 'ഊഷ്മളതയും സമാധാനവും' കാമ്പയ്നിന്റെ കീഴിലാണ് സിറിയയിലെ തന്നെ ക്യാമ്പുകളില്‍ കഴിയുന്ന ആളുകള്‍ക്ക് സഹായമെത്തിക്കുന്നത്. രൂക്ഷമായ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങളാണ് മേഖലയിലുണ്ടായത്. ഇതിനെ തുടര്‍ന്നുണ്ടായ കഠിനമായ തണുപ്പില്‍നിന്നും ശക്തമായ കാറ്റില്‍നിന്നും മഞ്ഞുവിഴ്ചയില്നിന്നും ആശ്വാസം കണ്ടെത്താനുതകുന്ന തരത്തിലാണ് സഹായങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ഏകദേശം 10,000 ഭക്ഷണ കുട്ടകളും 1,000 പുതപ്പുകളും 1,000 ശുചിത്വ കിറ്റുകളടങ്ങയി കുട്ടകളും, കൂടാതെ 12 ദിവസത്തേക്ക് 5,000 ബണ്ടില്‍ ബ്രെഡുമാണ് അഫ്രിനിലെയും സിറിയയിലെ അസാസ്, ഇദ്ലിബ് ക്യാമ്പുകളിലും ഫീല്‍ഡ് അംഗങ്ങള്‍ വിതരണം ചെയ്തത്.
വരും ദിവസങ്ങളില്‍, ദുരിതബാധിതരായ 300 കുടുംബങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും 3 മാസത്തേക്കുള്ള ഭവന വാടക സൗജന്യമായി നല്‍കാനും ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി 682 ഹൗസിങ് കാരവാനുകള്‍ നല്‍കാനും ഖത്തര്‍ ചാരിറ്റിക്ക് പദ്ധതിയുണ്ട്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 18,000 കുടുംബങ്ങള്‍ക്കും ബ്രെഡ് ബണ്ടിലുകള്‍ വിതരണം ചെയ്യും. കൂടാതെ, 2,800 പുതപ്പുകളും 700 കുട്ട ശൈത്യകാല വസ്ത്രങ്ങളും വിതരണം ചെയ്യും.
ഖത്തര്‍ ചാരിറ്റി തുടക്കം കുറിച്ച അടിയന്തര പ്രതികരണ കാമ്പയിന് 272,000 ലധികം ആളുകള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതിനിടെ, കനത്ത മഞ്ഞുവീഴ്ചയില്‍ 62 ക്യാമ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും 724 ടെന്റുകള്‍ നശിക്കുകയും ചെയ്തു. കാലാവസ്ഥാ പ്രവചനങ്ങളനുസരിച്ച്, വരും ദിവസങ്ങളിലും ഈ കാലാവസ്ഥ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ഇതിനകം ദുര്‍ബലമായ ക്യാമ്പുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപ്തി ഇനിയും വര്‍ധിക്കാനാണ് സാധ്യത.
കൊടും തണുപ്പും കനത്ത മഞ്ഞുപെയ്ത്തും കാരണമായി കുടിയിറക്കപ്പെട്ടവരും സിറിയന്‍ അഭയാര്‍ത്ഥികളും മറ്റുള്ളവരും നേരിടുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത്, കാമ്പയിന് തുടരരുമെന്നും ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം നല്കാന് ഖത്തറിലെ മനുഷ്യസ്നേഹികള്‍ മുന്നോട്ട് വരണമെന്നും ഖത്തര്‍ ചാരിറ്റി അഭ്യര്‍ത്ഥിച്ചു.
ചാരിറ്റിയുടെ ഭാഗമാകാനാഗ്രഹിക്കുന്നവര്‍ ഖത്തര്‍ ചാരിറ്റിയുടെ കളക്ഷന്‍ ഔട്ട്ലെറ്റുകള് വഴിയും ശാഖകള്‍ വഴിയും നേരിട്ടാണ് സംഭാവനകള്‍ നല്‍കേണ്ടത്. കൂടാതെ, 44667711 എന്ന നമ്പരില്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററുമായും ബന്ധപ്പെടാവുന്നതാണ്. www.qcharity എന്ന വെബ്സൈറ്റ് വഴിയോ www.qch.qa/winter എന്ന ലിങ്ക് വഴിയോ www.qch.qa/app ആപ്ലിക്കേഷനിലൂടെയോ കാമ്പയ്നിലേക്ക് സംഭാവനകള്‍ നല്‍കാവുന്നതാണ്. കൂടാതെ മാളുകളില്‍ സ്ഥാപിച്ച സംഭാവന ബോക്സുകള്‍ വഴിയും സഹായത്തില്‍ പങ്കുചേരാവുന്നതാണ്.