ഹയാ കാർഡ് വഴി ഖത്തറിലേക്ക് നവംബർ ഒന്നുമുതൽ ആരാധകർ എത്തിത്തുടങ്ങും
|റോഡ് വഴിയുള്ള യാത്രക്കാരെ സ്വീകരിക്കാൻ അബൂസംറ അതിർത്തിയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി
ദോഹ: ലോകകപ്പിനോടനുബന്ധിച്ച് ഹയാകാർഡ് വഴി ഖത്തറിലേക്ക് നവംബർ ഒന്നുമുതൽ ആരാധകർ എത്തിത്തുടങ്ങും. ഇ മെയിൽ വഴി എൻട്രി പെർമിറ്റ് അയച്ചുതുടങ്ങിയിട്ടുണ്ട്. റോഡ് വഴിയുള്ള യാത്രക്കാരെ സ്വീകരിക്കാൻ അബൂസംറ അതിർത്തിയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്.
അഞ്ചുരീതിയിലാണ് റോഡ് വഴി ഖത്തറിലേക്ക് ആരാധകരുടെ പ്രവേശനം. പൗരന്മാർക്കും താമസക്കാർക്കും പതിവുപോലെ ഖത്തറിലേക്ക് പ്രവേശിക്കാം. ഇവർക്ക് ഹയാ കാർഡ് നിർബന്ധമില്ല. സ്വന്തം വാഹനത്തിൽ രാജ്യത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ചില നിബന്ധനകളുണ്ട്. വാഹന പെർമിറ്റ് ലഭിക്കുന്നതിന് ഡ്രൈവർക്ക് ഹയാ പോർട്ടൽ അംഗീകാരമുള്ള കുറഞ്ഞത് അഞ്ച് ദിവസത്തെ താമസ സൗകര്യം വേണം.പെർമിറ്റ് ഹയാ പോർട്ടൽ വഴി ഓൺലൈനായി ലഭിക്കും. വാഹന ഇൻഷുറൻസ് അടയ്ക്കുന്നതിനുള്ള ഓൺ ലൈൻ ലിങ്കും ലഭ്യമാകും. ശേഷം 24 മണിക്കൂറിനുള്ളിൽ 5000 റിയാൽ അടച്ച് പെർമിറ്റ് എടുക്കണം. ഈ തുക തിരികെ ലഭിക്കില്ല.
വാഹനത്തിൽ ചുരുങ്ങിയത് മൂന്നാളുകളും പരമാവധി ആറാളുകളും ആകാം. ഇവർക്കെല്ലാം ഹയാ കാർഡ് വേണം. വാഹന പെർമിറ്റിൽ ഒറ്റത്തവണ മാത്രമേ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കൂ. മൂന്നാമത്തെ വിഭാഗം വൺ ഡേ ഫാൻ ആണ്. ഒന്നോ രണ്ടോ മത്സരങ്ങൾ കണ്ട് 24 മണിക്കൂറിനുള്ളിൽ മടങ്ങിപ്പോകുന്നവരാണ് ഇവർ. അബൂ സംറയിൽ വാഹനം പാർക്ക് ചെയ്ത് ഇവർക്ക് ഖത്തറിലേക്ക് പ്രവേശിക്കാം. പാർക്കിങ് സൗകര്യം ഹയാ പോർട്ടൽ വഴി ബുക്ക് ചെയ്യാം. 24 മണിക്കൂർ വരെ പാർക്കിങ് സൗജന്യമാണ്. അതിന് ശേഷം 1000 റിയാൽ ഫീ അടയ്ക്കണം.
ചെക്‌പോയിന്റിൽ നിന്നും ഇവർക്ക് അൽമെസ്സില മെട്രോ സ്റ്റേഷനിലേക്കും ഫാമി ഫ്രണ്ട്‌സ് മീറ്റ് ഏരിയയിലേക്കും സൗജന്യ യാത്ര അനുവദിക്കും. ബസുകളിൽ വരുന്നവർക്ക് അതിർത്തിയിൽ നിന്നും ഖത്തർ ബസുകളിൽ സഞ്ചരിക്കാം.ഇനി അടിയന്തരമായി ഖത്തറിലേക്ക് വരേണ്ടവർ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിച്ച് അനുമതി വാങ്ങിയ ശേഷമാണ് ഖത്തറിലേക്ക് വരേണ്ടത്.