പാരീസ് ഒളിമ്പിക്‌സ് സുരക്ഷ: ഖത്തർ സുരക്ഷാ സേനയെ അഭിനന്ദിച്ച് ഫിഫ പ്രസിഡന്റ്
|ഖത്തറിന്റെ രണ്ടായിരത്തോളം സുരക്ഷാ സൈനികരാണ് പാരീസിലുള്ളത്
ദോഹ: പാരീസ് ഒളിമ്പിക്‌സ് സുരക്ഷയിൽ സജീവമായ ഖത്തർ സുരക്ഷാ സേനയെ അഭിനന്ദിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫൻറിനോ. ഒളിമ്പിക്‌സിന്റെ കുറ്റമറ്റ സംഘാടനത്തിനായി ആതിഥേയരായ ഫ്രാൻസിന്റെ സുരക്ഷാ സേനാംഗങ്ങൾക്കൊപ്പം സജീവമാണ് ഖത്തറിൽ നിന്നുള്ള സംഘം. ഇവരുടെ പ്രവർത്തനങ്ങളെ ഹൃദ്യമായി അഭിനന്ദിക്കുന്നതായും അവരുടെ സേവനം മഹത്തരമാണെന്നും ഫിഫ പ്രസിഡൻറ് പറഞ്ഞു. ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ വിഭാഗമായ 'ലഖ്വിയ' കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയെ ഇൻഫാന്റിനോ നന്ദി അറിയിച്ചു.
ഖത്തറിന്റെ രണ്ടായിരത്തോളം സുരക്ഷാ സൈനികരാണ് പാരീസിലുള്ളത്. 2022 ലോകകപ്പ് ഫുട്ബാൾ ഏറ്റവും സുരക്ഷിതമായി സംഘടിപ്പിച്ചതിന്റെ അനുഭവ സമ്പത്തുമായാണ് ഖത്തരി സംഘം പാരീസിൽ പ്രവർത്തിക്കുന്നത്. വിമാനത്താവളവും സ്റ്റേഡിയങ്ങളും ഉൾപ്പെട പ്രധാന കേന്ദ്രങ്ങളിലെല്ലാം ഖത്തർ സംഘത്തിന്റെ സാന്നിധ്യമുണ്ട്. ഖത്തർ സേനയുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും ഏകോപിപ്പിക്കാനും ഖത്തർ ആഭ്യന്തര മന്ത്രിയും പാരീസിലെത്തിയിരുന്നു. ഫ്രഞ്ച് മിലിറ്ററി ഫോഴ്‌സ് കമാൻഡർ ഇൻ ചീഫ് ക്രിസ്ത്യൻ റോഡ്രിഗസിന് ഖത്തർ ആഭ്യന്തര മന്ത്രി ഖത്തറിന്റെ ഉപഹാരം സമ്മാനിച്ചിരുന്നു.