പൗരത്വ വിഷയത്തിൽ ഇക്വഡോർ വീഴുമോ ? ചിലിയുടെ പരാതിയിൽ ഫിഫ നാളെ വാദം കേൾക്കും
|അതിനിടെ ഇക്വഡോറിനെതിരെ ഇംഗ്ലീഷ് മാധ്യമങ്ങൾ കൂടുതൽ തെളിവുകൾ പുറത്തുവിട്ടു
ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഖത്തറിനെ നേരിടാനിറങ്ങുന്ന ഇക്വഡോറിന് നാളെ നിർണായക ദിനം. ഇക്വഡോറിന്റെ യോഗ്യതയ്‌ക്കെതിരെ ചിലി നൽകിയ പരാതിയിൽ ഫിഫ നാളെ വാദം കേൾക്കും.
ഇക്വഡോർ താരം ബൈറൻ കാസിയോയുടെ പൗരത്വം സംഭവിച്ച പരാതിയിലാണ് ഫിഫ അപ്പീൽ കമ്മിറ്റി വാദം കേൾക്കുന്നത്. താരത്തിന്റെ സാന്നിധ്യത്തിലാണ് നടപടികൾ. ബൈറൻ കാസിയോ കൊളംബിയക്കാരനാണെന്നാണ് ചിലിയുടെ വാദം. വ്യാജരേഖകൾ ഹാജരാക്കി പൗരത്വം ചമച്ചതിന് ഇക്വഡോറിനെ അയോഗ്യരാക്കണമെന്നാണ് ആവശ്യം.
ഏപ്രിലിൽ ചിലി നൽകിയ പരാതി ഫിഫ ആദ്യം മുഖവിലക്കെടുത്തിരുന്നില്ല. എന്നാൽ അന്താരാഷ്ട്ര കായിക കോടതിയിലേക്ക് കാര്യങ്ങളെത്തുമെന്ന സാഹചര്യം വന്നതോടെ അപ്പീൽ കമ്മിറ്റിക്ക് പരാതി കൈമാറുകയായിരുന്നു. അതിനിടെ ഇക്വഡോറിനെതിരെ ഇംഗ്ലീഷ് മാധ്യമങ്ങൾ കൂടുതൽ തെളിവുകൾ പുറത്തുവിട്ടു. താരത്തിന്റെ കൊളംബിയൻ ജനന സർട്ടിഫിക്കറ്റും മാമോദീസ രേഖകളും മുൻ കാലങ്ങളിൽ നൽകിയ അഭിമുഖങ്ങളുടെ ശബ്ദരേഖകളുമാണ് പുറത്തുവന്നത്.
യോഗ്യതാ റൗണ്ടിൽ എട്ട് മത്സരങ്ങളാണ് കാസിയോ കളിച്ചത്. തട്ടിപ്പ് തെളിഞ്ഞാൽ ഈ മത്സരങ്ങളിലെ പോയിന്റുകളെല്ലാം ഇക്വഡോറിന് നഷ്ടപ്പെടും. ഇക്വഡോറിനെ അയോഗ്യരാക്കി ചിലിക്ക് അവസരം നൽകണമെന്നാണ് ചിലി ഫുട്‌ബോൾ അധികൃതരുടെ വാദം.