Qatar
ഫിഫ ലോകകപ്പ്; വോളന്‍റിയറാവാൻ സന്നദ്ധത അറിയിച്ചത് 1.15 ലക്ഷം പേർ
Qatar

ഫിഫ ലോകകപ്പ്; വോളന്‍റിയറാവാൻ സന്നദ്ധത അറിയിച്ചത് 1.15 ലക്ഷം പേർ

Web Desk
|
29 March 2022 5:25 PM GMT

187 രാജ്യങ്ങളിൽ നിന്നാണ് ലോകകപ്പിൻറെ സംഘാടനത്തിൽ പങ്കാളികളാവാൻ സന്നദ്ധത അറിയിച്ച് ഒരു ലക്ഷത്തിലേറെ പേരാണ് അപേക്ഷിച്ചത്.

രജിസ്ട്രേഷൻ തുടങ്ങി ഒരാഴ്ചക്കുള്ളിൽ ഫിഫ ലോകകപ്പിന് വോളന്‍റിയറാവാൻ സന്നദ്ധത അറിയിച്ചത് 1.15 ലക്ഷം പേർ. 187 രാജ്യങ്ങളിൽ നിന്നാണ് ലോകകപ്പിന്‍റെ സംഘാടനത്തിൽ പങ്കാളികളാവാൻ സന്നദ്ധത അറിയിച്ച് ഒരു ലക്ഷത്തിലേറെ പേരാണ് അപേക്ഷിച്ചത്.

മാർച്ച് 21ന് ആരംഭിച്ച വോളന്‍റിയര്‍ രജിസ്ട്രേഷൻ ഒരാഴ്ച പിന്നിട്ടപ്പോഴാണ് അതിശകരമായ രജിസ്ട്രേഷൻ തുടരുന്നത്. നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പിന് 20,000 വോളന്‍റിയർമാരുടെ സേവനമാണ് ആവശ്യമായുള്ളത്. സ്റ്റേഡിയങ്ങളും, പരിശീലന വേദികളും, വിമാനത്താവളങ്ങളും ഫാൻ സോണും ഉൾപ്പെടെ 45ഓളം മേഖലകളിലാണ് വോളന്‍റിയര്‍മാരെ നിയോഗിക്കുന്നത്. താൽപര്യമുള്ളവർക്ക് ഫിഫ വെബ്സൈറ്റ് വഴി ഇനിയും അപേക്ഷിക്കാമെന്ന് ഫിഫ അറിയിച്ചു.

2022 ഒക്ടോബർ ഒന്നിന് 18 വയസ്സ് തികയുന്ന ആർക്കും അപേക്ഷിക്കാം. അറബി, ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ കഴിയുന്നവർക്ക് മുൻഗണനയുണ്ടാവും. വോളന്‍റിയര്‍ഷിപ്പിൽ മുൻ പരിചയമില്ലാത്തവർക്കും അപേക്ഷിക്കാമെന്ന് ഫിഫ അറിയിച്ചു. നേരത്തെ സേവനം വേണ്ട ഒരു വിഭാഗം വളണ്ടിയർമാരുടെ ജോലികൾ ഒക്ടോബർ ഒന്നിന് തന്നെ ആരംഭിക്കും.

അഭിമുഖങ്ങൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾക്കു ശേഷം, തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അഡിഡാസ് യൂണിഫോം, ജോലി സമയങ്ങളിൽ ഭക്ഷണം, പൊതുഗതാഗത സംവിധാനങ്ങളിൽ സൗജന്യ യാത്ര എന്നിവ ലഭ്യമാവും. ഏറ്റവും ചുരുങ്ങിയ 10 ദിവസങ്ങളിലെങ്കിലും ജോലി ചെയ്യാൻ സന്നദ്ധയുള്ളവരാണ് അപേക്ഷിക്കേണ്ടത്. എട്ടുമണിക്കൂറാണ് ഒരു ഷിഫ്റ്റിന്‍റെ ദൈർഘ്യം

Similar Posts