ആളും ആരവവുമായി ദോഹ ഓൾഡ് പോർട്ട് സംഘടിപ്പിച്ച മീൻ പിടിത്ത മത്സരം
|അൽ വക്‌റ ടീമിന്റെ ചൂണ്ടയിൽ കുരുങ്ങിയത് 460 കിലോഗ്രാം മീൻ
ദോഹ: ഖത്തറിൽ ദോഹ ഓൾഡ് പോർട്ട് ആദ്യമായി സംഘടിപ്പിച്ച മീൻപിടിത്ത മത്സരത്തിൽ വൻ ജനപങ്കാളിത്തം. മത്സരത്തിൽ അൽ വക്റ ടീം വിജയികളായി.കതാറ കൾചറൽ വില്ലേജ് ബീച്ച് മാനേജ്‌മെന്റുമായി സഹകരിച്ചാണ് ദോഹ ഓൾഡ് പോർട്ട് ആദ്യമായി മീൻപിടിത്ത മത്സരം സംഘടിപ്പിച്ചത്. ബോട്ടിൽ മീൻപിടിത്ത ഉപകരണങ്ങളുമായി കടലിലേക്ക് നീങ്ങുന്നവർ പാട്ടു പാടിയും പരമ്പരാഗത വേഷങ്ങളണിഞ്ഞുമെല്ലാം ചൂണ്ടകളെറിഞ്ഞു.
രാവിലെ അഞ്ചു മണിയോടെയായിരുന്നു മത്സരങ്ങൾക്ക് തുടക്കം. ഓരോ ടീമിലും ഒരു ജി.സി.സി പൗരനും ഖത്തറിലെ താമസക്കാരനായ ഒരാൾക്കും അനുവാദം നൽകിയിരുന്നു. തുറമുഖത്തെ കണ്ടെയ്നർ യാർഡിൽ നിന്നാരംഭിച്ച മത്സരത്തിൽ 50 ടീമുകളാണ് പങ്കെടുത്തത്. 460 കിലോഗ്രാം മത്സ്യം പിടിച്ച അൽ വക്റ ടീം വിജയികളായി. വക്റക്ക് പിറകിൽ സെഹൈബ്, അൽ ബന്ദർ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പിടിച്ച മത്സ്യത്തിന്റെ ഭാരം, ഇനം, വലുപ്പം, എണ്ണം എന്നിവ പരിഗണിച്ചാണ് വിജയികളെ നിർണയിച്ചത്. ഒന്നാം സ്ഥാനക്കാർക്ക് 30,000 റിയാലായിരുന്നു സമ്മാനത്തുക.