ഉപരോധത്തിന് ശേഷം ആദ്യമായി ഖത്തര്‍ അമീര്‍ സന്ദര്‍ശനത്തിനായി ഈജിപ്തിലെത്തി
|നീണ്ട ഇടവേളയ്ക്ക് ശേഷം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഈജിപ്തിലെത്തി. റുവാണ്ടയില്‍ കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് ഇന്നലെ രാത്രി അമീര്‍ ഈജിപ്തിലെത്തിയത്.
2017 ലെ ഉപരോധത്തിന് ശേഷം ആദ്യമായാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീംബിന്‍ ഹമദ് അല്‍താനി ഈജിപ്ത് സന്ദർശിക്കുന്നത്. തലസ്ഥാനനഗരമായ കെയ്‌റോയിലെത്തിയ അമീറിനെ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍സീസി സ്വീകരിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി ഈജിപ്ത് സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തില്‍ 500 കോടി ഡോളറിന്റെ നിക്ഷേപവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇതിന് മുമ്പ് ഗ്ലാസ്‌കോ കാലാവസ്ഥാ സമ്മേളനത്തിലും ചൈനയിലെ ശൈത്യകാല ഒളിമ്പിക്‌സ് ഉദ്ഘാടന വേദിയിലും അമീറും ഈജിപ്ത് പ്രസിഡന്റും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ദൃഢമാക്കുന്നതില്‍ ഏറെ പങ്കുവഹിച്ചു.