Qatar
Fraud in name of Indian Embassy; Qatar Indian Embassy with warning
Qatar

ഇന്ത്യൻ എംബസിയുടെ പേരിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി ഖത്തർ ഇന്ത്യൻ എംബസി

Web Desk
|
2 Nov 2023 7:30 PM GMT

എംബസിയിൽ നിന്നെന്ന വ്യാജേന വ്യക്തിഗത വിവിരങ്ങൾ തേടുകയും പണം തട്ടുകയും ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതായി എംബസി സോഷ്യൽ മീഡിയ വഴി മുന്നറിയിപ്പ് നൽകി

ദോഹ: ഇന്ത്യൻ എംബസിയുടെ പേരിൽ തട്ടിപ്പ് നടക്കുന്നതായി ഖത്തർ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. എംബസിയിൽ നിന്നെന്ന വ്യാജേന വ്യക്തിഗത വിവിരങ്ങൾ തേടുകയും പണം തട്ടുകയും ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതായി എംബസി സോഷ്യൽ മീഡിയ വഴി മുന്നറിയിപ്പ് നൽകി.

'എംബസിയിൽ നിന്നോ, എംബസി ഉദ്യോഗസ്ഥർ എന്ന വ്യാജേനയോ ഖത്തറിലെ ഇന്ത്യൻ പ്രവാസികളെ ഫോൺ ചെയ്ത് പണം തട്ടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഫോൺ വഴി ബന്ധപ്പെടുകയും, പാസ്പോർട്ടുകൾ, വിസ, അല്ലെങ്കിൽ ഇമിഗ്രേഷൻ ഫോമുകൾ എന്നിവയിൽ പിഴവുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയും, ഇത് തിരുത്താൻ പണം ആവശ്യമാണെന്ന് അറിയിക്കുകയും ചെയ്താണ് പണം തട്ടുന്നത്'.

രേഖകളില ജനന തീയതി, പേര്, പാസ്‌പോർട്ട് നമ്പർ എന്നിവയിൽ പിഴവുണ്ടെന്നാണ് ഇവർ ഫോൺ വഴി അറിയിക്കുന്നത്. തുടർന്ന് ക്രെഡിറ്റ് കാർഡ് വിശദാംശങ്ങളും പണവും ആവശ്യപ്പെടുന്നു. രേഖകളിൽ അടിയന്തിരമായി തിരുത്തൽ വരുത്തിയില്ലെങ്കിൽ ഖത്തറിൽ ജയിൽ ശിക്ഷയും, നാടുകടത്തലും ഉൾപ്പെടെ നടപടികൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുകാർ കബളിപ്പിക്കുന്നത്.

സംശയാസ്പദമായ ഫോൺ വിളികൾ ഒഴിവാക്കാനും, വ്യക്തിഗത വിവരങ്ങൾ ആരുമായും വെളിപ്പെടുത്താനോ പണം കൈമാറാനോ പാടില്ലെന്നും എംബസി അറിയിപ്പിൽ വ്യക്തമാക്കി.എംബസിയുമായി ബന്ധപ്പെട്ട ഇത്തരം തട്ടിപ്പു സന്ദേശങ്ങൾ ലഭിച്ചാൽ cons.doha@mea.gov.in എന്ന ഇ മെയിൽ വഴി ബന്ധപ്പെടണം.



Similar Posts