ഗസ്സയിലെ വെടിനിർത്തൽ: ചർച്ചകൾ ഫലം കാണുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തർ
|‘റഫയ്ക്ക് നേരെ ആക്രമണമുണ്ടായാല്‍ അത് ചര്‍ച്ചയെ ബാധിക്കും’
ദോഹ: ഗസ്സയില്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ദോഹയില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഫലം കാണുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തര്‍. റഫയ്ക്ക് നേരെ ആക്രമണമുണ്ടായാല്‍ അത് ചര്‍ച്ചയെ ബാധിക്കുമെന്നും ഖത്തര്‍ മുന്നറിയിപ്പ് നല്കി. അതേസമയം ചര്‍ച്ചയ്ക്കെത്തിയ ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ തലവന്‍ ഡേവിഡ് ബാര്‍ണി ദോഹയില്‍ നിന്നും മടങ്ങി.
അതിരൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുന്ന ഗസ്സയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കാനും വെടിനിര്‍ത്തലിനും ഊന്നല്‍ നല്‍കിയാണ് ദോഹയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഫലത്തെ കുറിച്ച് ഇപ്പോള്‍ പ്രവചിക്കാനാവില്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി വ്യക്തമാക്കി.
ശുഭപ്രതീക്ഷയുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ നിന്നും ചര്‍ച്ചകളില്‍ നേരിയ പുരോഗതിയുള്ളതായും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ക്ക് സമയപരിധി വെച്ചിട്ടില്ല. എന്നാല്‍, റഫയ്ക്ക് നേരെ ആക്രമണമുണ്ടായാല്‍ അത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. യുദ്ധം അവസാനിപ്പിക്കല്‍ ലക്ഷ്യമാണെങ്കിലും നിലവിലെ ശ്രമങ്ങള്‍ താല്‍ക്കാലിക വെടിനിര്‍ത്തലും മാനുഷിക സഹായം വേഗത്തില്‍ ലഭ്യമാക്കുന്നതിനുമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.