ഗസ്സ മധ്യസ്ഥത: യുഎന്‍ സെക്രട്ടറി ജനറലും ഖത്തര്‍ പ്രധാനമന്ത്രിയും ചര്‍ച്ച നടത്തി
|ഫോണിലാണ് ഇരുവരും സംസാരിച്ചത്.
ദോഹ: ഗസ്സ മധ്യസ്ഥ ശ്രമങ്ങളുമായി ബന്ധപ്പെട്ട് ഖത്തർ പ്രധാനമന്ത്രിയും യുഎൻ സെക്രട്ടറി ജനറലും ചർച്ച നടത്തി. ഫോണിലാണ് ഇരുവരും സംസാരിച്ചത്. ഗസ്സയിൽ വെടിനിർത്തലിനുള്ള മധ്യസ്ഥ ശ്രമങ്ങൾ തുടരുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മധ്യസ്ഥ നീക്കങ്ങളുടെ ഭാഗമായി യുഎസ് വിദേശകാര്യ സെക്രട്ടറി ഈജിപ്ത് സന്ദർശിക്കുന്നുണ്ട്. ഇതിന് മുന്നോടിയായാണ് യുഎൻ സെക്രട്ടറി ജനറൽ ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനിയുമായി ഫോണിൽ സംസാരിച്ചത്. ഗസ്സയിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ ഇരുവരും ചർച്ച ചെയ്തു. ബന്ദിമോചനവും ഗസ്സയ്ക്ക് മാനുഷിക സഹായമെത്തിക്കുന്നതിലുള്ള വെല്ലുവിളികളും ചർച്ചയായി. അതേ സമയം മധ്യസ്ഥ ശ്രമങ്ങൾ തുടരുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോക്ടർ മാജിദ് അൽ അൻസാരി വ്യക്തമാക്കി. ചർച്ചയുടെ വാതിലുകൾ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണ്. കൂടിക്കാഴ്ചകളും കൂടിയാലോചനകളും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി പുതിയ നിർദേശം മുന്നോട്ടുവയ്ക്കുമെന്ന് കഴിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതു സംബന്ധിച്ച കൂടുതൽ പ്രതികരണങ്ങൾക്ക് മാജിദ് അൽ അൻസാരി തയ്യാറായില്ല.