Qatar
ഹയാകാർഡില്ലെങ്കിലും ജി.സി.സി പൗരൻമാർക്കും   താമസക്കാർക്കും ഇന്നുമുതൽ ഖത്തറിലേക്ക് പ്രവേശിക്കാം
Qatar

ഹയാകാർഡില്ലെങ്കിലും ജി.സി.സി പൗരൻമാർക്കും താമസക്കാർക്കും ഇന്നുമുതൽ ഖത്തറിലേക്ക് പ്രവേശിക്കാം

Web Desk
|
6 Dec 2022 9:44 AM GMT

ലോകകപ്പിന് മുമ്പുള്ള യാത്രാ മാനദണ്ഡങ്ങൾ ഇവർക്ക് ബാധകമാകും

ഹയാകാർഡ് ഇല്ലാത്ത ജി.സി.സി പൗരൻമാർക്കും താമസക്കാർക്കും ഇന്നുമുതൽ ഖത്തറിലേക്ക് വരാം. ലോകകപ്പ് ഫുട്‌ബോൾ ഗ്രൂപ്പ് ഘട്ടവും പ്രീ ക്വാർട്ടറും തീരുന്നതോടെയാണ് യാത്രാ നയത്തിൽ ഖത്തർ കാതലായ മാറ്റം വരുത്തുന്നത്. ഇന്നുമുതൽ ഹയാ കാർഡില്ലാതെ തന്നെ ഖത്തറിലേക്ക് വരാനാകും.

ലോകകപ്പ് മുൻപുള്ള യാത്രാ നിബന്ധനയാണ് ഇവർക്ക് ബാധകമാകുക. റോഡ് മാർഗം വരുന്നവർ ബസിലാണെങ്കിൽ പ്രത്യേക രജിസ്‌ട്രേഷന്റെ ആവശ്യമില്ല. സ്വകാര്യ വാഹനങ്ങളിൽ വരുന്നവർ ഈ മാസം എട്ടു വരെ കാത്തിരിക്കണം.

യാത്രക്ക് 12 മണിക്കൂർ മുമ്പെങ്കിലും എൻട്രി പെർമിറ്റിനായി രജിസ്റ്റർ ചെയ്യണം. എന്നാൽ ഹയാ കാർഡ് വഴി വരുന്നവരെ പോലെ ഇവർ എൻട്രി ഫീ അടയ്‌ക്കേണ്ടതില്ല. 5000 റിയാൽ ആയിരുന്നു മുൻപ് എൻട്രി ഫീ. ജി.സി.സിയിലെ താമസക്കാർക്ക് ലോകകപ്പിന്റെ ഭാഗമാകുന്നതിന് അവസരമൊരുക്കുന്നതിനാണ് പുതിയ ഇളവുകളെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ജി.സി.സി ഇതര രാജ്യങ്ങളിലുള്ളവർക്ക് മാച്ച് ടിക്കറ്റ് ഇല്ലാതെ ഹയാ കാർഡ് എടുക്കാനുള്ള സംവിധാനവും ഈ മാസം 2 മുതൽ നിലവിലുണ്ട്. ലോകകപ്പ് ഫുട്‌ബോൾ നോക്കൌട്ടിലേക്ക് കടന്നതോടെ ഗ്രൂപ്പ് മത്സരങ്ങൾ കാണാനെത്തിയ വലിയ വിഭാഗം ആരാധകർ തിരിച്ചുപോയി തുടങ്ങിയിട്ടുണ്ട്.

Similar Posts