ഗൾഫ്മാധ്യമം ലോകകപ്പ് പ്രത്യേക പതിപ്പായ 'കുർറ' പുത്തറിങ്ങി
|ലോകകപ്പിനോടനുബന്ധിച്ച് ഗൾഫ് മാധ്യമം പ്രത്യേക പതിപ്പ് 'കുർറ' പുത്തറിങ്ങി. ദോഹ ഐബിസ് ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ഇംഗ്ലീഷ് പതിപ്പായ ' ഗൾഫ് മാധ്യമം കുർറ'യുടെ പ്രകാശനം. മീഡിയവൺ മീഡിയ പാർട്ണറായ തനിമ ഖത്തറിന്റെ ലോകകപ്പ് ഗാനവും ഇതിനോടനുബന്ധിച്ച് റിലീസ് ചെയ്തു. ലോകകപ്പിന് കിക്കോഫ് കുറിക്കാൻ രണ്ടു നാൾ മാത്രം ബാക്കിനിൽക്കെയാണ് കുർറ ആരാധകരിലേക്കെത്തുന്നത്.
ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് പി.എൻ ബാബുരാജൻ ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ പ്രസിഡന്റ് ഡോ. മോഹൻ തോമസിന് ആദ്യ കോപ്പി നൽകി പ്രകാശനം നിർവഹിച്ചു.
ഗൾഫ് മാധ്യമം-മീഡിയവൺ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.സി അബ്ദുൽലത്തീഫ് ചടങ്ങിന് സ്വഗതം പറഞ്ഞു. ഖത്തർ സാംസ്‌കാരിക മന്ത്രാലയം മ്യൂസിക് അഫയേഴ്‌സ് സെന്റർ ഡയരക്ടർ ഖാലിദ് അൽ സാലിം, കോസ്റ്റൽ ഖത്തർ സി.ഇ.ഒ നിഷാദ് അസീം, കെയർ ആന്റ് ക്യൂവർ ഗ്രൂപ്പ് ചെയർമാൻ ഇ.പി അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
ഐ.സി.ബി.എഫ് പ്രസിഡന്റ് വിനോദ് നായർ, ഗൾഫ് മാധ്യമം-മീഡിയവൺ എക്‌സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, എ.പി മണികണ്ഠൻ, സി.ഐ.സി പ്രസിഡന്റ് ടി.കെ ഖാസിം, 'മാധ്യമം' ന്യൂസ് എഡിറ്റർ എൻ.എസ് നിസാർ, ഗൾഫ് മാധ്യമം റീജ്യനൽ മാനേജർ ടി.എസ് സാജിദ്, മീഡിയവൺ മാർക്കറ്റിങ് മാനേജർ നിഷാന്ത് തറമേൽ, ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ പി.സി സൈഫുദ്ദീൻ എന്നിവർ പങ്കെടുത്തു.