ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള 'സ്കൈട്രാക്സ്' പുരസ്കാരം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്
|ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നടന്ന പാസഞ്ചർ ടെർമിനൽ എക്സ്പോയിലായിരുന്നു പുരസ്കാര പ്രഖ്യാപനം
ദോഹ: ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള 'സ്കൈട്രാക്സ്' പുരസ്കാരം ഖത്തറിന്റെ ഹമദ് അന്താരാഷ്ട്രവിമാനത്താവളത്തിന്. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നടന്ന പാസഞ്ചർ ടെർമിനൽ എക്സ്പോയിലായിരുന്നു പുരസ്കാര പ്രഖ്യാപനം.
ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരം രണ്ടാം തവണയാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം സ്വന്തമാക്കുന്നത്. ഇതോടൊപ്പം തന്നെ മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരം തുടർച്ചയായ പത്താംതവണയും ഹമദിനെ തേടിയെത്തി. ഏറ്റവും മികച്ച ഷോപ്പിങ് സൗകര്യം ഒരുക്കിയ വിമാനത്താവളത്തിനുള്ള പുരസ്കാരവും ഹമദിന് തന്നെയാണ്.
യാത്രക്കാർക്കിടയിൽ നടക്കുന്ന സർവേയുടെയും വോട്ടിങ്ങിന്റെയും അടിസ്ഥാനത്തിലാണ് 'സ്കൈട്രാക്സ്' പുരസ്കാരം പ്രഖ്യാപിക്കുന്നത്. ലോകത്തെ 500ഓളം അന്താരാഷ്്ട്ര വിമാനത്താവളങ്ങൾ ഉൾകൊള്ളുന്ന മത്സരത്തിൽ വിവിധ സൂചികകളിലെ പ്രകടനം വിലയിരുത്തിയാണ് സ്കൈട്രാക്സ് പുരസ്കാരം നിർണയിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തിനുള്ളിൽ സൗകര്യങ്ങളിലും സേവനങ്ങളിലും പുലർത്തിയ മികവിനുള്ള അംഗീകാരമാണ് പുരസ്കാര നേട്ടമെന്ന് ഖത്തർ എയർവേസ് ഗ്രൂപ്പ് സി.ഇ.ഒ എഞ്ചി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു.