ദോഹയിലെ ഹമാസ് കാര്യാലയം പൂർണമായും അടച്ചിട്ടില്ലെന്ന് ഖത്തർ
|ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്ന ഹമാസ് നേതാക്കൾ ഇപ്പോൾ ഖത്തറിൽ ഇല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ്
ദോഹ: ദോഹയിലെ ഹമാസ് കാര്യാലയം പൂർണമായും അടച്ചിട്ടില്ലെന്ന് ഖത്തർ, എന്നാൽ മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്ന ഹമാസ് നേതാക്കൾ ഇപ്പോൾ ഖത്തറിൽ ഇല്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി വ്യക്തമാക്കി.
ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് നിലവിൽ മധ്യസ്ഥ ചർച്ചകളൊന്നും നടക്കാത്തതിനാൽ ദോഹയിലെ ഹമാസ് ഓഫീസ് ആ തരത്തിൽ പ്രവർത്തിക്കുന്നില്ല, എന്നാൽ ഓഫീസ് അടച്ചുപൂട്ടിയിട്ടില്ലെന്ന് ദോഹയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഖത്തർ വിദേശകാര്യമന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി അറിയിച്ചു.
മധ്യസ്ഥ ചർച്ചകളുടെ ഭാഗമായി പ്രവർത്തിച്ച ഹമാസ് നേതാക്കൾ നിലവിൽ ദോഹയിൽ ഇല്ല. അവർ വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്നവരാണ്. ഹമാസ് രാഷ്ട്രീയ കാര്യ ഓഫീസ് ചർച്ചകൾക്കുള്ള കേന്ദ്രമെന്ന നിലയിലാണ് തുറന്നതെന്നും മധ്യസ്ഥ പ്രക്രിയ ഇല്ലെങ്കിൽ ഒരു പ്രവർത്തനവും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓഫിസ് സംബന്ധമായ കാര്യങ്ങൾ ഔദ്യോഗിക കേന്ദ്രങ്ങൾ വഴി അറിയിക്കുമെന്നും ഊഹാപോഹങ്ങളുടെ ഭാഗമാകരുതെന്നും മാജിദ് അൽ അൻസാരി പറഞ്ഞു. ഹമാസും ഇസ്രായേലും ആത്മാർത്ഥമായി സന്നദ്ധത അറിയിച്ചാൽ മാത്രമേ ഇനി ചർച്ച തുടരൂ എന്നും നിലവിൽ ഒരു ചർച്ചയും നടക്കുന്നില്ലെന്നും ഖത്തർ നേരത്തെ വ്യക്തമാക്കിയിരുന്നു.