സന്ദര്‍ശക വിസയില്‍ ഖത്തറിലെത്താന്‍ ഇനി ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം
|പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നാണ് പോളിസി എടുക്കേണ്ടത്.
ദോഹ: സന്ദര്‍ശക വിസയില്‍ ഖത്തറിലെത്താന്‍ ഫെബ്രുവരി ഒന്നു മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. 50 റിയാലാണ് ഒരു മാസത്തെ ഏറ്റവും കുറഞ്ഞ പ്രീമിയം. ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് വിസ അനുവദിക്കില്ല.
രാജ്യത്ത് ഘട്ടംഘട്ടമായി ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് അടുത്ത മാസം മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയത്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം അടിയന്തര, അപകട സേവനങ്ങള്‍ മാത്രമാണ് സന്ദര്‍ശകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍ക്കൊള്ളുന്നത്.
ഇതില്‍ക്കൂടുതല്‍ കവറേജ് വേണ്ടവര്‍ ഉയര്‍ന്ന തുകയ്ക്കുള്ള പോളിസി എടുക്കണം. പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നാണ് പോളിസി എടുക്കേണ്ടത്.
അന്താരാഷ്ട്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവരുടെ കാര്യത്തില്‍ പോളിസിയില്‍ ഖത്തര്‍ ഉള്‍പ്പെട്ടിരിക്കണം എന്നതാണ് വ്യവസ്ഥ. ഖത്തറില്‍ അംഗീകാരമുള്ള കമ്പനിയായിരിക്കണം ഈ പോളിസി നല്‍കേണ്ടതെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.