ഖത്തർ കെ.എം.സി.സി വിമൺസ് വിംഗ് സംഘടിപ്പിച്ച ഹെർ ഇംപാക്ട് സീസൺ വൺ കാമ്പയിനിന് തുടക്കം
|മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു
ദോഹ: ഖത്തർ കെ.എം.സി.സി വിമൺസ് വിംഗ് സംഘടിപ്പിച്ച ഹെർ ഇംപാക്ട് സീസൺ വൺ കാമ്പയിനിന് തുടക്കം. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രവാസികൾക്കിടയിൽ വനിതാ ശാക്തീകരണം ലക്ഷ്യമിട്ടാണ് ഹെർ ഇംപാക്ട് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
വിവിധ കാരണങ്ങളാൽ പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും സാഹചര്യത്തിന്റെ സമ്മർദ്ദങ്ങളാൽ യോഗ്യതയുണ്ടായിട്ടും തുടർപഠന സാധ്യതകൾ പ്രയോജനപ്പെടുത്താൻ സാധിക്കാത്തവരുമായ സ്ത്രീകൾക്ക് കൃത്യമായ ദിശാബോധം നൽകുകയാണ് ലക്ഷ്യം. ഇതിനായി മാർഗനിർദേശങ്ങൾ നൽകും.
ജോലിക്കാരായ വനിതകൾക്ക് അവരുടെ കരിയർ മെച്ചപ്പെടുത്താനുള്ള പരിശീലനവും ഹെർ ഇംപാക്ടിന്റെ ഭാഗമാണ്. ഇതിന് പുറമെ സോഷ്യൽ, മെന്റൽ കൗൺസിലിംഗുകളും നൽകും. കെ.എം.സി.സി. ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് മുഖ്യപ്രഭാഷണം നടത്തി. വിമൻസ് വിങ് പ്രസിഡന്റ് സമീറ അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. വിമൻസ് വിങ് ജനറൽ സെക്രട്ടറി സലീന കൂലത്ത് കാമ്പയിൻ വിശദീകരിച്ചു. കെ.എം.സി.സി ജനറൽ സെക്രട്ടറി സലീം നാലകത്ത്, ട്രഷറർ പി.എസ്.എം ഹുസ്സൈൻ, ഉപദേശകസമിതി ചെയർമാൻ എം.പി ഷാഫി ഹാജി, വടകര നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി. ജാഫർ എന്നിവർ ആശംസകൾ നേർന്നു.