ഇസ്രായേലിനെയും ഹമാസിനേയും ഉടന്‍ ഒരു മേശയ്ക്ക് ചുറ്റും ഇരുത്താനാകുമെന്നാണ് പ്രതീക്ഷ; ഖത്തർ വിദേശകാര്യ വക്താവ്
|ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്നതിന്റെ പേരില്‍ ഖത്തറിനെതിരെ ഇസ്രായേല്‍ നടത്തുന്ന വാചോടാപങ്ങള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ല.
ദോഹ: ഇസ്രായേലിനെയും ഹമാസിനേയും ഉടന്‍ ഒരു മേശയ്ക്ക് ചുറ്റും ഇരുത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തര്‍ വിദേശകാര്യ വക്താവ് മാജിദ് അല്‍ അന്‍സാരി മീഡിയവണിനോട്. പ്രതിസന്ധികളും ആക്ഷേപങ്ങളും ഖത്തര്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും മാജിദ് അല്‍ അന്‍സാരി പറഞ്ഞു.
ദോഹയില്‍ ജിസിസി ഉച്ചകോടി വേദിയിലാണ് മധ്യസ്ഥ ചര്‍ച്ചകള്‍ സംബന്ധിച്ച പ്രതീക്ഷകള്‍ മാജിദ് അല്‍ അന്‍സാരി മീഡിയവണുമായി പങ്കുവച്ചത്. മധ്യസ്ഥ ശ്രമങ്ങള്‍ തുടരുകയാണ്. ഇരുപക്ഷവുമായും ആശയവിനിമയം നടത്തുന്നുണ്ട്. ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്നതിന്റെ പേരില്‍ ഖത്തറിനെതിരെ ഇസ്രായേല്‍ നടത്തുന്ന വാചോടാപങ്ങള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ല. ഖത്തറിന്റെ ചുമതല മനസിലാക്കിയുള്ളതല്ല ഇത്തരം ആക്ഷേപങ്ങള്‍. വിഷയത്തില്‍ വര്‍ഷങ്ങളായി ഞങ്ങള്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്നു.
ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ ഏകോപിപ്പിക്കുന്നു. ഇത്തരം ആക്ഷേപങ്ങള്‍ ഖത്തര്‍ അനുവദിച്ചുകൊടുക്കില്ല. മധ്യസ്ഥ ചര്‍ച്ചകളില്‍ ഖത്തറിന്റെ റോള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വാചാടോപങ്ങൾ അവഗണിച്ച് മധ്യസ്ഥ ശ്രമങ്ങള്‍ തുടരും.
മേഖലയിലെ മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് ഗസ്സയിലെ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനാണ് ഖത്തര്‍ ശ്രമിക്കുന്നതെന്നും മാജിദ് അല്‍ അന്‍സാരി വ്യക്തമാക്കി.