ഖത്തറിന്റെ ഹോർട്ടികൾചറൽ എക്‌സ്‌പോ; ഒരുക്കങ്ങൾ ആരംഭിച്ചു
|ആറ് മാസം നീണ്ടുനില്‍ക്കുന്ന ഹോര്‍ട്ടി കള്‍ചറല്‍ എക്സ്പോ ഒക്ടോബര്‍ രണ്ടിനാണ് തുടങ്ങുന്നത്. മാര്‍ച്ച് 28ന് അവസാനിക്കും.
ദോഹ: ഖത്തറിന്റെ ഹോര്‍ട്ടികള്‍ചറല്‍ എക്സ്പോ ഒരുക്കങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ച് ഇന്റര്‍നാഷണല്‍ എക്സ്പോ ബ്യൂറോ. ബിഐഇ പ്രതിനിധി സംഘം അല്‍ബിദ പാര്‍ക്കിലെ എക്സ്പോ ഹൗസ് സന്ദര്‍ശിച്ചു. അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സംവിധാനമാണ് ബ്യുറോ ഇന്റര്‍നാഷണല്‍ ഡി എക്സ്പോസിഷന്‍സ് അഥവാ ബിഐഇ. സംഘടനയുടെ സെക്രട്ടറി ജനറല്‍ അടക്കമുള്ള പ്രതിനിധി സംഘമാണ് ഖത്തറിന്റെ എക്സ്പോ ഒരുക്കങ്ങള്‍ സന്ദര്‍ശിച്ചത്. ആറ് മാസം നീണ്ടുനില്‍ക്കുന്ന ഹോര്‍ട്ടി കള്‍ചറല്‍ എക്സ്പോ ഒക്ടോബര്‍ രണ്ടിനാണ് തുടങ്ങുന്നത്. മാര്‍ച്ച് 28ന് അവസാനിക്കും.
80 ലോകരാജ്യങ്ങള്‍ക്ക് എക്സ്പോയില്‍ പവലിയനുകള്‍ ഉണ്ടാകും. പവലിയനുകളും ഗാര്‍ഡനുകളും മാത്രമായിരിക്കില്ല ദോഹ എക്സപോയുടെ കാഴ്ചകളെന്ന് ബിഐഇ സെക്രട്ടറി ജനറല്‍ ദിമിത്രി കെര്‍കന്‍സെസ് പറഞ്ഞു. സെമിനാറുകളും വിവിധ ഫോറങ്ങളും എക്സ്പോയുടെ ഭാഗമായി നടക്കും. എക്സ്പോ വേദിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി ദോഹ എക്സ്പോ സെക്രട്ടരി ജനറല്‍ മുഹമ്മദ് അലി അല്‍ഹോരി വ്യക്തമാക്കി. സെപ്തംബറില്‍ തന്നെ സന്ദര്‍ശകരെ സ്വീകരിക്കാന്‍ വേദി സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.