'ഡിസ്കവര് ഖത്തര്‍' വെബ്സൈറ്റിലെ ഹോട്ടല്‍ ബുക്കിങ് വിന്‍ഡോ ഒഴിവാക്കി
|ഈ മാസം 14 മുതലാണ് വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരേണ്ടിയിരുന്നത്
ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള 'വിസ ഓണ്‍ അറൈവല്‍' യാത്രക്കാര്‍ക്കുള്ള ഹോട്ടല്‍ ബുക്കിങ് വിന്‍ഡോ ഒഴിവാക്കി 'ഡിസ്കവര് ഖത്തര്‍' വെബ്സൈറ്റ്.
കഴിഞ്ഞ ദിവസമാണ് ഇന്ത്യ, ഇറാന്, പാകിസ്താന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓണ്‍ അറൈവല്‍ യാത്രക്കാര്‍ക്ക് ഡിസ്കവര് ഖത്തര്‍ വഴി ഹോട്ടല്‍ ബുക് ചെയ്യണമെന്ന പുതിയനിര്‍ദേശം വന്നിരുന്നത്. വിസ ഓണ്‍ അറൈവല്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയതിന് പിന്നാലെ ഡിസ്കവര് ഖത്തര്‍ ബുക്കിങ് വിന്‍ഡോയും തുടങ്ങിയിരുന്നു. എന്നാല്‍, ഇതിനിടെയാണ് ഇന്നലെ ഉച്ചയോടെ 'ഡിസ്കവര് ഖത്തര്‍' വെബ്സൈറ്റിലെ വിസ ഓണ്‍ അറൈവല്‍ വിന്‍ഡോ ഒഴിവാക്കിയത്.
മന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് ഡിസ്കവര് ഖത്തര്‍ ഹെല്പ്ലൈന് അറിയിച്ചു. ഇന്ത്യ, പാകിസ്താന്, ഇറാന് എന്നിവിടങ്ങളില്‍ നിന്നും വിസ ഓണ്‍ അറൈവലില്‍ വരുന്നവര്‍ ഖത്തറില്‍ എത്ര ദിവസമാണോ തങ്ങുന്നത്, അത്രയും ദിവസത്തേക്ക് ഹോട്ടല്‍ ബുക്ക് ചെയ്യണമെന്നായിരുന്നു നിര്‍ദേശം. ഈ മാസം 14 മുതലാണ് ഈ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരേണ്ടിയിരുന്നത്.