ഖത്തറിൽ വരും ദിവസങ്ങളിൽ ചൂടിനൊപ്പം ഹ്യുമിഡിറ്റിയും കൂടും: കാലാവസ്ഥാ വിഭാഗം
|40 ഡിഗ്രിയായിരുന്നു കഴിഞ്ഞ ദിവസം ദോഹയിലെ താപനില
ദോഹ: ഖത്തറിൽ വരും ദിവസങ്ങളിൽ ചൂടിനൊപ്പം ഹ്യുമിഡിറ്റിയും കൂടുമെന്ന് കാലാവസ്ഥാ വിഭാഗം. അടുത്താഴ്ച ആരംഭിക്കുന്നത് വരെ ഹ്യുമിഡിറ്റിക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഖത്തറിൽ കഴിഞ്ഞയാഴ്ചയിൽ തന്നെ നേരിയ തോതിൽ ഹുമിഡിറ്റി തുടങ്ങിയിരുന്നു. കിഴക്കൻ കാറ്റ് വീശിത്തുടങ്ങിയതാണ് കാലാവസ്ഥാ മാറ്റത്തിന് കാരണമെന്ന് കാലാവസ്ഥാ വിഭാഗം 'എക്‌സ്' പോസ്റ്റിലൂടെ അറിയിച്ചു.
40 ഡിഗ്രിയായിരുന്നു കഴിഞ്ഞ ദിവസം ദോഹയിലെ താപനില രേഖപ്പെടുത്തിയത്. അൽ ഖോറിൽ 42ഉം, അബു സംറയിൽ 43ഉം ഡിഗ്രി താപനില രേഖപ്പെടുത്തി. ചൂടിനൊപ്പം അമിതമായി വിയർക്കുകയും ചെയ്യുന്നത് നിർജലീകരണത്തിന് കാരണമാവും. ഈ സാഹചര്യത്തിൽ വേണ്ട ശാരീരിക മുൻകരുതലാണ് ആവശ്യം. ശാരീരിക മുൻകരുതലുകൾ സംബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രാലയവും സാമൂഹിക മാധ്യമങ്ങളിലൂടെ നിർദേശവും നൽകി. നിർജലീകരണം ഒഴിവാക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
അതേസമയം, ഇന്നലെ ഖത്തറിന്റെ കടൽത്തീരത്തും ചില കിഴക്കൻ തീരപ്രദേശങ്ങളിലും ചാറ്റൽ മഴ പെയ്തു.