ഖത്തറിൽ ഇനി കടലും തീരവും ആകാശനിരീക്ഷണത്തിൽ
|ഓട്ടോ ജൈറോ വിമാനം ഉപയോഗിച്ചുള്ള സമുദ്ര, പരിസ്ഥിതി വ്യോമ നിരീക്ഷണത്തിന് തുടക്കം കുറിച്ച് ഖത്തർ പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം.
ദോഹ : ഖത്തറിൽ ഇനി കടലും തീരവും ആകാശനിരീക്ഷണത്തിൽ. ഓട്ടോ ജൈറോ വിമാനം ഉപയോഗിച്ചുള്ള സമുദ്ര, പരിസ്ഥിതി വ്യോമ നിരീക്ഷണത്തിന് തുടക്കം കുറിച്ച് ഖത്തർ പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം.
ഖത്തറിൽ ആദ്യമായാണ് ഓട്ടോ ജൈറോ എയർക്രാഫ്റ്റ് വഴി വ്യോമ പരിസ്ഥിതി നിരീക്ഷണത്തിന് തുടക്കം കുറിക്കുന്നത്. രാജ്യത്തെ പ്രാദേശിക പരിസ്ഥിതി സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുമുള്ള പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയത്തിന്റെ പദ്ധതികളുടെ ഭാഗമായാണിത്.
സമുദ്ര-ഭൗമ പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, കടലാമകളുടെ നിരീക്ഷണം, തീരദേശ മലിനീകരണം നിരീക്ഷിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ഈ സംവിധാനം ഉപയോഗിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ പ്രദേശങ്ങൾ നിരീക്ഷിക്കാൻ സാധിക്കുന്ന വിമാനത്തിന് ഉയർന്ന നിലവാരമുള്ളതും വ്യക്തതയുള്ളതുമായ ദൃശ്യങ്ങൾ ചിത്രീകരിക്കാനും കഴിയും. വിദൂര സംവേദനം, ഉയർന്ന റെസല്യൂഷ്യൻ ക്യാമറകൾ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ വിമാനത്തിലുണ്ട്. കൂടാതെ ഒരു അത്യാധുനിക വയർലെസ് കമ്യൂണിക്കേഷൻ സംവിധാനവുമുണ്ട്. മന്ത്രാലയത്തിന്റെ ഗ്രൗണ്ട് ടീമുകളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിന് പൈലറ്റിനൊപ്പം ഒരു പരിസ്ഥിതി നിരീക്ഷകനും വിമാനത്തിലുണ്ടായിരിക്കും.