Qatar
India community welfare fund news
Qatar

പ്രവാസികൾക്ക് കിട്ടാത്ത വെൽഫെയർ ഫണ്ടുകൾ; ഗൾഫ് രാജ്യങ്ങളിൽ കെട്ടിക്കിടക്കുന്നത് കോടികൾ

Web Desk
|
25 July 2023 3:34 PM GMT

ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇയിലാണ് കൂടുതൽ തുകയുള്ളത്. 38.96 കോടി രൂപയാണ്‌ യു.എ.ഇയിലുള്ളത്. ഖത്തറിൽ 12.5 കോടിരൂപ ബാക്കിയുണ്ട്.

ദോഹ: ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ സാധാരണക്കാരായ പ്രവാസികൾക്ക് പ്രയോജനപ്പെടാതെ കേന്ദ്രസർക്കാരിന്റെ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട്. വിവിധ രാജ്യങ്ങളിലെ എംബസികളിലായി 571 കോടി

രൂപയോളമാണ് ചെലവഴിക്കാതെ കിടക്കുന്നത്. എ.എം ആരിഫ് എം.പിയുടെ ചോദ്യത്തിന് കേന്ദ്ര സർക്കാർ നൽകിയ മറുപടിയുടെ രേഖകളാണിത്. വിവിധ രാജ്യങ്ങളിലെ എംബസികളിലും ഹൈക്കമീഷനുകളിലുമായി ചെലവഴിക്കാതെ കിടക്കുന്നത് 571 കോടി രൂപയോളം രൂപ, ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളിൽ മാത്രം 125 കോടിയോളം രൂപ, കേസുകളിൽ പെടുന്ന പ്രവാസികളുടെ നിയമ പരിരക്ഷ, സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള പ്രവാസികൾ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ്, തൊഴിൽ പ്രശ്‌നങ്ങളുടെ പേരിൽ കുടുങ്ങുന്നവരെ നാട്ടിലെത്താനുള്ള വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള ചിലവ് എന്നിവക്കായി വിവിധ എംബസികൾ അനുവദിക്കുന്നതാണ് ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട്.

എന്നാൽ ഈ തുകയിൽ ചെലവഴിക്കുന്നത് നാമമാത്രമായ തുകമാത്രമാണെന്ന് കേന്ദ്ര സർക്കാരിന്റെ തന്നെ കണക്കുകൾ പറയുന്നു. ഗൾഫ് രാജ്യങ്ങളിൽ നിയമസഹായം ലഭിക്കാതെ നിരവധി പ്രവാസികൾ ജയിലുകളിലുണ്ട്. ഇവരിൽ ഭൂരിപക്ഷവും സഹായത്തിന് അർഹരുമാണ്. എന്നാൽ ഫണ്ട് കയ്യിലുണ്ടായിട്ടും ഇക്കാര്യത്തിൽ സാധാരണക്കാരോട് പുറം തിരിഞ്ഞ് നിൽക്കുകയാണ് സർക്കാർ. പാവപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള സഹായത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.

ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇയിലാണ് കൂടുതൽ തുകയുള്ളത്. 38.96 കോടി രൂപയാണ്‌ യു.എ.ഇയിലുള്ളത്. ഖത്തറിൽ 12.5 കോടിരൂപ ബാക്കിയുണ്ട്. പാസ്‌പോർട്ട്, വിസ, ഒ.സി.ഐ, പി.ഐ.ഒ കാർഡുകൾ എന്നിവയുടെ സേവനങ്ങൾ, അറ്റസ്റ്റേഷൻ, കോൺസുലാർ സർവീസ് എന്നിവയിൽ നിന്നുള്ള ഫീസ് വഴിയും വ്യക്തികളും സ്ഥാപനങ്ങളും സംഭവനയായി നൽകുന്ന തുകയിൽ നിന്നുമെല്ലാമായി കണ്ടെത്തുന്ന തുകയാണ് കമ്യൂണിറ്റി വെൽഫെയർ ഫണ്ടിന്റെ പ്രധാന ഉറവിടം. ആദ്യഘട്ടത്തിൽ കേന്ദ്ര ബജറ്റിൽ വിദേശകാര്യമന്ത്രാലത്തിന് അനുവദിക്കുന്നതിൽ നിന്നും നിശ്ചിത തുക നീക്കിവെച്ചിരുന്നെങ്കിലും, പിന്നീട് സ്വയംപര്യാപ്തമായതോടെ അവസാനിപ്പിക്കുകയായിരുന്നു.

ഓരോ ഗൾഫ് രാജ്യങ്ങിലെയും നയതന്ത്രകാര്യാലയങ്ങളിലുള്ള തുകയുടെ കണക്ക് ഇങ്ങനെയാണ്. യു.എ.ഇ, 38.96 കോടി രൂപ, സൗദി, 4.67 കോടി, കുവൈത്ത് 17.96 കോടി, ബഹ്‌റൈൻ 14.13 കോടി, ഖത്തർ 12.50 കോടി, ഒമാനിൽ 6.06 കോടി രൂപ. അതേസമയം ഈ രാജ്യങ്ങളിലെ പ്രവാസികൾക്ക് ലഭിച്ച സഹായം നാമമാത്രമാണ്. 2019 മുതൽ 23 വരെ സൗദി, യു.എ.ഇ നയതന്ത്ര കാര്യാലയങ്ങൾ നിയമസഹായമായി നൽകിയത് കേവലം 10.15 ലക്ഷം, 16.5 ലക്ഷം എന്നിങ്ങനെയാണ്. നിയമ സഹായത്തിന് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് ഖത്തർ ഇന്ത്യൻ എംബസിയാണ്, 8.41കോടി രൂപ. ആറു മാസംകൊണ്ടാണ് നിയമ സഹായത്തിന് ഈ തുക ചെലവഴിച്ചതെന്നും കേന്ദ്രസർക്കാരിന്റെ കണക്കുകൾ പറയുന്നു.

Similar Posts