ഖത്തറുമായി ദീര്‍ഘകാല പ്രകൃതിവാതക കരാറിനുള്ള നീക്കവുമായി ഇന്ത്യ
|പൊതുമേഖലാ സ്ഥാപനമായ ഗെയിലാണ് 20 വര്‍ഷത്തെ കരാറിനുള്ള ചര്‍ച്ചകള്‍ നടത്തുന്നത്.
ദോഹ: ഖത്തറുമായി ദീര്‍ഘകാല പ്രകൃതിവാതക കരാറിനുള്ള നീക്കവുമായി ഇന്ത്യ. പൊതുമേഖലാ സ്ഥാപനമായ ഗെയിലാണ് 20 വര്‍ഷത്തെ കരാറിനുള്ള ചര്‍ച്ചകള്‍ നടത്തുന്നത്. പ്രതിവര്‍ഷം പത്ത് ലക്ഷം മെട്രിക് ടണ്‍ എല്‍എന്‍ജിയാകും കരാര്‍ വഴി ഖത്തര്‍ നല്‍കുക.
രാജ്യത്ത് തടസമില്ലാത്ത പ്രകൃതിവാതക വിതരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഖത്തറില്‍ നിന്നും എല്‍.എന്‍.ജി ലഭ്യമാക്കാനുള്ള ഗെയിലിന്റെ നീക്കം. കരാര്‍ നടപടികള്‍ അന്തിമഘട്ടത്തിലെത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അബുദബിയുടെ എണ്ണക്കമ്പനിയായ അഡ്നോകുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 14 വര്‍ഷത്തെ എല്‍.എന്‍.ജി കൈമാറ്റ കരാറുണ്ടാക്കിയതിന് പിന്നാലെയാണ് ഗെയിലിന്റെ നീക്കം. പ്രതിവര്‍ഷം 1.2 മില്യണ്‍ മെട്രിക് ടണ്‍ പ്രകൃതി വാതകം വാങ്ങാനുള്ള കരാര്‍ മോദിയുടെ യുഎഇ സന്ദര്‍ശനവേളയിലാണ് ധാരണയായത്.
കരാര്‍ പ്രാബല്യത്തിലായാല്‍ ഖത്തറില്‍ നിന്നും പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യന്‍ കമ്പനിയാകും ഗെയില്‍. നിലവില്‍ പെട്രോനെറ്റുമായി ഖത്തറിന് പ്രതിവര്‍ഷം 8.5 മില്യണ്‍ മെട്രിക് ടണിന്റെ കരാറുണ്ട്. ഈ കരാര്‍ ദീര്‍ഘകാലത്തേക്ക് നീട്ടാനും ശ്രമം നടക്കുന്നുണ്ട്.
സെപ്തംബറോടെ രണ്ട് കരാറുകളും പൂര്‍ത്തിയാക്കാമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. റഷ്യയില്‍ നിന്നുള്ള പ്രകൃതിവാതക ലഭ്യത കുറഞ്ഞതിന് പിന്നാലെയാണ് ഇന്ത്യ ഖത്തറടക്കമുള്ള രാജ്യങ്ങളെ സമീപിക്കുന്നത്. 2030 ഓടെ ഊര്‍ജമേഖലയുടെ 15 ശതമാനം പ്രകൃതിവാതകം ഉപയോഗിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി 80 ലക്ഷം മെട്രിക് പ്രകൃതി വാതകം കൂടി ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഗെയില്‍.