ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യ നാളെ ഖത്തറിനെ നേരിടും
|ഖത്തറിനായി മലയാളി താരം തഹ്‌സീൻ മുഹമ്മദ് ബൂട്ട് കെട്ടുമോ എന്ന് ഉറ്റുനോക്കുകയാണ് ദോഹയിലെ മലയാളി ഫുട്‌ബോൾ ആരാധകർ.
ദോഹ: ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിലെ നിർണായക മത്സരത്തിൽ ഇന്ത്യ നാളെ ഖത്തറിനെ നേരിടും. ഖത്തർ സമയം വൈകിട്ട് 6.45 നാണ് കിക്കോഫ്. ഖത്തറിനായി മലയാളി താരം തഹ്‌സീൻ മുഹമ്മദ് ബൂട്ട് കെട്ടുമോ എന്ന് ഉറ്റുനോക്കുകയാണ് ദോഹയിലെ മലയാളി ഫുട്‌ബോൾ ആരാധകർ.
സുനിൽ ഛേത്രി ബൂട്ടഴിച്ചതിന് ശേഷമുള്ള ആദ്യ പരീക്ഷണമാണ് ഇന്ത്യക്ക്. ഏഷ്യൻ ചാമ്പ്യന്മാർക്കെതിരെ ജയിച്ചാൽ ഇന്ത്യക്ക് ഏഷ്യൻ കപ്പിലേക്ക് പ്രവേശനം ഉറപ്പിക്കാം. ഒപ്പം ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ അടുത്ത ഘട്ടത്തിലേക്കും യോഗ്യത നേടും. സമനിലയാണ് ഫലമെങ്കിൽ അഫ്ഗാനിസ്ഥാൻ കുവൈത്ത് മത്സരവും സമനിലയിലാകണം. തോറ്റാൽ ലോകകപ്പ് യോഗ്യതാ പോരാട്ടം അവസാനിക്കും. ഏഷ്യൻ കപ്പ് യോഗ്യതാ മൂന്നാം റൗണ്ടിൽ ഭാഗ്യ പരീക്ഷണം നടത്താം.
ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവാണ് ഇന്ത്യയുടെ നായകൻ. നിർണായക മത്സരത്തിൽ പ്രതിരോധത്തിൽ സുഭാശിഷ് ബോസിന്റെയും ലാൽചുങ് നുംഗയുടെയും അസാന്നിധ്യം കോച്ച് സ്റ്റിമാക്കിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. അതേ സമയം അപരാചിത മുന്നേറ്റം തുടരുന്ന ഖത്തർ പുതുമുഖങ്ങളുമായാണ് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്. അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ ഇടം പിടിച്ച മലയാളി വണ്ടർ കിഡ് തഹ്‌സിൻ മുഹമ്മദ് ഇന്ത്യക്കെതിരെയും കളത്തിലിറങ്ങിയേക്കും. ഇരു ടീമുകളും ഇതുവരെ നാല് തവണ ഏറ്റുമുട്ടിയപ്പോൾ മൂന്നിലും ജയം ഖത്തറിനായിരുന്നു. ഒരു മത്സരം സമനിലയിൽ കലാശിച്ചു.