ലഹരിക്കടത്ത് കേസിൽ നൂറിലേറെ ഇന്ത്യക്കാർ ഖത്തറിലെ ജയിലുകളിൽ കഴിയുന്നുണ്ട് - ഇന്ത്യൻ എംബസി
|ഖത്തറിൽ നിരോധനമുള്ള വസ്തുക്കളുടെ കൃത്യമായ ധാരണയില്ലാത്തതാണ് പലരും കേസുകളിൽ കുടുങ്ങാൻ കാരണം
ദോഹ: ലഹരിക്കടത്ത് കേസിൽ നൂറിലേറെ ഇന്ത്യക്കാർ ഖത്തറിലെ ജയിലുകളിൽ കഴിയുന്നുണ്ടെന്ന് ഇന്ത്യൻ എംബസി. പലരും അറിവില്ലായ്മ മൂലവും ചതിയിൽപ്പെട്ടുമാണ് കേസിൽ കുടുങ്ങിയത്. ഇക്കാര്യത്തിൽ ബോധവത്കരണത്തിനായി എംബസിയും അപെക്‌സ് ബോഡിയായ ഐ.സി.ബി.എഫും ചേർന്ന് സെമിനാർ സംഘടിപ്പിച്ചു.
ഖത്തറിൽ നിരോധനമുള്ള വസ്തുക്കളുടെ കൃത്യമായ ധാരണയില്ലാത്തതാണ് പലരും കേസുകളിൽ കുടുങ്ങാൻ കാരണം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകളും ആയുർവ്വേദ മരുന്നുകളും കൊണ്ടുവരുന്നവരും നിയമ നടപടി നേരിടേണ്ടിവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൃത്യമായ ബോധവത്കരണം ലക്ഷ്യമിട്ട് ഇന്ത്യൻ എംബസി ഐ.സി.ബി.എഫിന്റെ സഹകരണത്തോടെ സെമിനാർ സംഘടിപ്പിച്ചത്.
നിലവിൽ നൂറിലേറെ ഇന്ത്യക്കാർ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഖത്തറിൽ ജയിലിലുണ്ട്. ഇതിൽ12 പേർ സ്ത്രീകളാണെന്നും അംബാസഡർ വിപുൽ പറഞ്ഞു. ഖത്തറിൽ നിരോധനമുള്ള മരുന്നുകളുടെ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഖത്തറിലെ പ്രവാസികൾക്കിടയിൽ ഇതേ കുറിച്ച് ധാരണയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഇഷ് സിംഗാൾ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, എംബസി അപെക്‌സ് ബോഡി നേതാക്കൾ, കമ്യൂണിറ്റി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ഓൺലൈൻ വഴി നാട്ടിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും സെമിനാറിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കിയിരുന്നു.