Qatar
നിശ്ശബ്ദതയുടെ മുഴക്കങ്ങൾ; വിവർത്തകൻ സുഹൈൽ   വാഫിയുമായി ഖത്തർ സാംസ്‌കാരിക വകുപ്പിന്റെ അഭിമുഖം ഇന്ന്
Qatar

'നിശ്ശബ്ദതയുടെ മുഴക്കങ്ങൾ'; വിവർത്തകൻ സുഹൈൽ വാഫിയുമായി ഖത്തർ സാംസ്‌കാരിക വകുപ്പിന്റെ അഭിമുഖം ഇന്ന്

Web Desk
|
16 Aug 2022 8:38 AM GMT

ആടുജീവിതവും ബാല്യകാലസഖിയും അറബിയിലേക്ക് വിവർത്തനം ചെയ്താണ് ഇദ്ദേഹം അറബ് സാഹിത്യലോകത്ത് മലയാളത്തെ അടയാളപ്പെടുത്താൻ തുടങ്ങിയത്

ഖത്തർ ഗവൺമെന്റിന്റെ സാംസ്‌കാരിക വകുപ്പിനു കീഴിൽ ഖത്തരി ഫോറം ഫോർ ഓതേഴ്സ് പ്രമുഖ മലയാളി വിവർത്തകൻ സുഹൈൽ വാഫിയുമായി സാഹിത്യ സംഭാഷണം ഒരുക്കുന്നു.

അദ്ദേഹത്തിന്റെ അറബി കൃതികളിൽ നിന്ന് 2020ൽ ഖത്തർ സാംസ്‌കാരിക മന്ത്രാലയം തന്നെ പ്രസിദ്ധികരിച്ച മലയാള കവി വീരാൻ കുട്ടിയുടെ തെരഞ്ഞെടുത്ത കവിതകളായിരിക്കും (അസ്ദാഉസ്സുംത് - നിശബ്ദതയുടെ മുഴക്കങ്ങൾ) പ്രധാനമായും അഭിമുഖത്തിന്റെ ഊന്നൽ.

ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന പരിപാടിയിൽ ബുക് ആന്റ് ദി ഓഥർ സെഷനിൽ ഖത്തറിലെ മുതിർന്ന സാംസ്‌കാരിക വ്യക്തിത്വമായ സ്വാലിഹ് ഗുറയ്ബ് അൽ ഉബൈദിലിയാണ് വാഫിയുമായി അഭിമുഖം നടത്തുന്നത്.

ദോഹയിലെ മിനിസ്ട്രി ഓഫ് കൾച്ചർ ബൈത്തുൽ ഹിക്മ ഹാളിലാണ് പ്രോഗ്രാം നടക്കുന്നത്. പരിപാടിയുടെ വിശദാംശം ഖത്തർ കൾച്ചറൽ മിനിസ്ട്രിയുടെ ഔദ്യോഗിക ഫേസ് ബുക്ക്, ട്വിറ്റർ പേജുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇൻഡോ-ഖത്തർ സാംസ്‌കാരിക വർഷമായി ആഘോഷിക്കപ്പെട്ട 2019ൽ ഖത്തർ സാംസ്‌കാരിക വകുപ്പിന് വേണ്ടി സുഹൈൽ വാഫി അറബിയിലേക്ക് മൊഴിമാറ്റിയ ബി.എം സുഹറയുടെ 'ഇരുട്ട് ' എന്ന നോവലും വീരാൻ കുട്ടിയുടെ ഈ കവിതാ സമാഹാരവും ഖത്തർ ഗവൺമെന്റ് നേരിട്ട് പ്രസിദ്ധീകരിച്ച ആദ്യ മലയാളം കൃതികളാണ്.

മുൻപ് ബെന്യാമിന്റെ 'ആടുജീവിതം' അറബിയിലേക്ക് വിവർത്തനം ചെയ്താണ് മലപ്പുറം ആദൃശ്ശേരി സ്വദേശിയായ സുഹൈൽ വാഫി അറബ് സാഹിത്യലോകത്ത് മലയാളത്തെ അടയാളപ്പെടുത്താൻ തുടങ്ങിയത്. 2004 ൽ കുവൈത്തിലെ മക്തബത്ത് ആഫാഖ് പുറത്തിറക്കിയ അയ്യാമുൽ മാഇസ് (ആടുജീവിതം) അറബ് പ്രസാധകർ പ്രസിദ്ധീകരിക്കുന്ന മലയാളത്തിൽ നിന്നും നേരിട്ട് അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ആദ്യനോവലായിരുന്നു .

ബഷീറിന്റെ വിഖ്യാത നോവലായ ബാല്യകാലസഖിയും അറബിയിലെത്തിച്ച സുഹൈൽ വാഫി ലബനാനിൽ നിന്നും പ്രസിദ്ധീകരിച്ച 'അറബി; എഴുത്ത് ഭാഷയും നാട്ടു മൊഴികളും'( അൽ അറബിയ്യ; ബൈനൽ ഫുസ്ഹാ വൽ ആമിയ്യ) എന്ന പഠനത്തിന്റെ രചയിതാവുകൂടിയാണ്. നിലവിൽ ഖത്തർ ഗവൺമെന്റിന് കീഴിൽ വിവർത്തകനായി ജോലി ചെയ്യുന്ന അദ്ദേഹം പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ പ്രൊ. അബ്ദുൽ ഹക്കീം ഫൈസി ആദൃശേരിയുടെ മകനാണ്.

Similar Posts