Qatar
ഇറാന്‍-അമേരിക്ക ആണവകരാര്‍ ചര്‍ച്ച വഴിമുട്ടുന്നു;   ദോഹയില്‍ നടന്ന ചര്‍ച്ചയിലും സമവായമില്ല
Qatar

ഇറാന്‍-അമേരിക്ക ആണവകരാര്‍ ചര്‍ച്ച വഴിമുട്ടുന്നു; ദോഹയില്‍ നടന്ന ചര്‍ച്ചയിലും സമവായമില്ല

Web Desk
|
6 July 2022 4:22 AM GMT

പ്രശ്‌ന പരിഹാരത്തിന് താല്‍പര്യമില്ലാതെയാണ് അമേരിക്ക ചര്‍ച്ചയ്‌ക്കെത്തിയതെന്ന് ഇറാന്‍ പറഞ്ഞു

ആണവകരാര്‍ പുനസ്ഥാപിക്കുന്നതിനുള്ള ഇറാന്‍-അമേരിക്ക ചര്‍ച്ച വഴിമുട്ടുന്നു. ദോഹയില്‍ നടന്ന അനൗപചാരിക ചര്‍ച്ചയിലും സമവായമുണ്ടായില്ല. വിയന്നയില്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചയില്‍ മഞ്ഞുരുകാതിരുന്നതോടെയാണ് ഇറാന്‍- അമേരിക്ക ചര്‍ച്ച ദോഹയിലേക്ക് മാറ്റിയത്.

എന്നാല്‍ ദോഹ ചര്‍ച്ചയിലും ഒരിഞ്ചുപോലും മുന്നേറ്റമുണ്ടായില്ലെന്നാണ് ഇരു രാജ്യങ്ങളുടെയും പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ആണവ കരാറുമായി ബന്ധമില്ലാത്ത ആവശ്യങ്ങള്‍ ഇറാന്‍ ഉന്നയിക്കുന്നതാണ് പ്രശ്‌നമെന്ന് അമേരിക്കന്‍ പ്രതിനിധി റോബര്‍ട്ട് മാലി കുറ്റപ്പെടുത്തി.

യുറേനിയം സമ്പുഷ്ടീകരണത്തില്‍ ഇറാന്‍ ഭയാനകമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അമേരിക്കയുമായല്ല ഇപ്പോള്‍ ചര്‍ച്ച വേണ്ടത്. ആണവ കരാര്‍ അംഗീകരിക്കാന്‍ സന്നദ്ധമാണോയെന്ന് ആദ്യം ഇറാന്‍ തീരുമാനിക്കണം. ആണവകരാറിന് അനുസൃതമായി ഇറാന് പ്രവര്‍ത്തിക്കാനും ഉപരോധങ്ങള്‍ ലഘൂകരിക്കാനുമുള്ള ഒരു ടൈംലൈന്‍ ഉണ്ടാക്കണമെന്ന നിര്‍ദേശം പരിഗണനയിലാണ്.

അതേ സമയം ആരോപണങ്ങള്‍ തള്ളിയ ഇറാന്‍ അമേരിക്ക ദോഹയില്‍ ചര്‍ച്ചയ്‌ക്കെത്തിയത് പ്രശ്‌ന പരിഹാരത്തിന് താല്‍പര്യമില്ലാതെയാണെന്ന് കുറ്റപ്പെടുത്തി. ദോഹ ചര്‍ച്ചകളെ കുറിച്ചുള്ള വിലയിരുത്തല്‍ പോസിറ്റീവാണെന്നും നയതന്ത്രത്തിനുള്ള അവസരം അമേരിക്ക എങ്ങനെ കാണുന്നുവെന്നറിയാന്‍ കാത്തിരിക്കുന്നതായും ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. അമേരിക്കയടക്കമുള്ള ലോകശക്തികള്‍ 2015ല്‍ ഇറാനുമായുണ്ടാക്കിയ ആണവ കരാര്‍ ഇറാന് അനുകൂലമെന്ന് ആരോപിച്ച് ട്രംപ് ഭരണകൂടമാണ് കരാര്‍ റദ്ദാക്കിയത്.

Similar Posts