ഇസ്‌ലാമോഫോബിയ ലോകസമൂഹത്തിന് തന്നെ ഭീഷണിയെന്ന് ഖത്തർ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി
|ഇസ്‌ലാമോഫോബിയക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം റൗണ്ട് ടേബിൾ സമ്മേളനം സംഘടിപ്പിച്ചത്
ഇസ്‌ലാമോഫോബിയ ലോകസമൂഹത്തിന് തന്നെ ഭീഷണിയാണെന്ന് ഖത്തർ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ. ഇസ്‍ലാമോഫോമിയയെ കുറിച്ച് വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച റൗണ്ട് ടേബിൾ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
'ഇസ്ലാം ഭീതി പടർത്തുന്നവർ ലോകത്തെയാണ് ഭയപ്പെടുത്തുന്നത്. ലോകം ഈ ഭീതിയെ തടയുന്നതിന് പകരം, മുൻധാരണകളും, വിവേചനങ്ങളുമായി വിദ്വേഷത്തിന് ഇന്ധനം പകരുകയാണ് ചെയ്യുന്നതെന്ന് ലുൽവ റാഷിദ് അൽ ഖതിർ പറഞ്ഞു. കുടിയിറക്കം, യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവ ഇസ്‌ലാമോഫോബിയയുടെ ബാക്കി പത്രമാണ്. നിഷ്കളങ്കരായ ജനങ്ങളാണ് ബലിയാടായിക്കൊണ്ടിരിക്കുന്നതെന്നും ലുൽവ റാഷിദ് അൽ ഖാതിർ കൂട്ടിച്ചേർത്തു.
ഇസ്ലാമോഫോബിയക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച റൗണ്ട് ടേബിൾ സമ്മേളനം സംഘടിപ്പിച്ചത് . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 500ഓളം സർവകലാശാലകളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ ഉൾപ്പെടെ വിദഗ്ധരും ചിന്തകരും പങ്കെടുത്തു.