ജോര്‍ദ്ദാന്‍ ഭരണാധികാരി ഖത്തറില്‍
|ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ ജോര്‍ദ്ദാന്‍ ഭരണാധികാരി അബ്ദുള്ള ബിന്‍ ഹുസൈന്‍ രാജാവ് അമീര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി
ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ ജോര്‍ദ്ദാന്‍ ഭരണാധികാരി അബ്ദുള്ള ബിന്‍ ഹുസൈന്‍ രാജാവ് അമീര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. ലോകകപ്പ് സ്റ്റേഡിയം അടക്കം ഖത്തറിലെ പ്രധാന മേഖലകള്‍ രാജാവ് സന്ദര്‍ശിച്ചു.ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ ജോര്‍ദ്ദാന്‍ രാജാവിന് ഖത്തര‍് അമീറിന്‍റെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് ദോഹയില്‍ നല‍്കിയത്. തുടര്‍ന്ന് അമീരി ദിവാനില്‍ വെച്ച് ഇരുവരും ചര്‍ച്ച നടത്തി. ഉഭയകക്ഷി നയതന്ത്ര സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ കൂടിക്കാഴ്ച്ചയിലുണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും രാഷ്ട്രീയസ്ഥിതിഗതികളും ചര്‍ച്ചയായി. തുടര്‍ന്ന് ലോകകപ്പിനായി ഖത്തര്‍ സജ്ജീകരിച്ച എജ്യക്കേഷന്‍ സിറ്റി സ്റ്റേഡിയം ജോര്‍ദ്ദാന്‍ രാജാവ് സന്ദര്‍ശിച്ചു. ഖത്തര്‍ അമീറും മുതിര്‍ന്ന നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു. സ്റ്റേഡിയത്തിന്‍റെ സവിശേഷതകളും ഖത്തര്‍ ലോകകപ്പിന‍്റെ ഒരുക്കങ്ങളും അമീര്‍ രാജാവിന് വിശദീകരിച്ചു നല്‍കി. രാജ്യത്തിന്‍റെ തന്ത്രപ്രധാന സ്ഥാപനങ്ങളിലൊന്നായ നാഷണല്‍ കമാന്‍ഡ് സെന്‍ററിലും രാജാവ് സന്ദര്‍ശനം നടത്തി. രാജാവിനൊപ്പമുള്ള ജോര്‍ദ്ദാന്‍ പ്രധാനമന്ത്രി ഡോ ബിഷേര്‍ അല്‍ ഖസൌനേ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അസീസ് അല്‍ത്താനിയുമായും ചര്‍ച്ച നടത്തി