ഖത്തറിലെ കർവ ടാക്‌സി ഇനി ഊബർ ആപ്പ് വഴിയും ബുക്ക് ചെയ്യാം
|കർവയുടെ മാതൃ സ്ഥാപനമായ മുവാസലാത്തും ഊബർ ആപ്പും പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു
ദോഹ: ഖത്തറിലെ പ്രധാന പൊതുഗതാഗത ടാക്‌സി സർവിസായ കർവ, ഇനി ഊബർ ആപ്പ് വഴിയും ബുക്ക് ചെയ്യാം. കർവയുടെ മാതൃക സ്ഥാപനമായ മുവാസലാത്തും ഉബർ ആപ്പും പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. നിലവിലെ കർവ ആപ്പിന് പുറമെയാണ് ഊബർ ആപ്പിലും കർവ ടാക്‌സികൾ ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുങ്ങുന്നത്.
രാജ്യത്തെ ഗതാഗത മാർഗങ്ങൾ കൂടുതൽ എളുപ്പമാക്കുകയും, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പൊതുഗതാഗതം കാര്യക്ഷമമാക്കുകയും ചെയ്യുകയെന്ന ഖത്തർ ദേശീയ വിഷൻ 2030ലെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ഊബർ ആപ്പിൽ 'ടാക്സി' എന്ന ഒപ്ഷൻ തിരഞ്ഞെടുത്തുകൊണ്ട് കർവ ടാക്‌സിയിൽ യാത്ര ബുക്ക് ചെയ്യാം.
ഊബർ എക്‌സിന്റെ ചാർജ് തന്നെയാവും കർവക്കും ഈടാക്കുന്നത്. 2040ഓടെ ആഗോളാടിസ്ഥാനത്തിൽ എമിഷൻ ഫ്രീ മൊബിലിറ്റി പ്ലാറ്റ്ഫോമായി മാറാനുള്ള ഉബറിന്റെ ശ്രമങ്ങളുടെ ഭാഗമായി കർവ ഇലക്ട്രിക് വാഹനങ്ങൾക്കൊപ്പം പ്രീമിയം വാഹനങ്ങളും ആപ്പിൽ ഉൾപ്പെടുത്തും.