ബലിപെരുന്നാൾ ആഘോഷം വർണാഭമാക്കാനൊരുങ്ങി ഖത്തറിലെ കതാറ കൾച്ചറൽ വില്ലേജ്
|വിവിധ രാജ്യങ്ങളിലെ കലാപ്രകടനങ്ങളും വെടിക്കെട്ടും അരങ്ങേറും
ദോഹ: ബലിപെരുന്നാൾ ആഘോഷം വർണാഭമാക്കാനൊരുങ്ങി ഖത്തറിന്റെ സാംസ്‌കാരിക കേന്ദ്രമായ കതാറ കൾച്ചറൽ വില്ലേജ്. മൂന്ന് ദിനം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് ഒരുക്കുന്നത്. വിവിധ രാജ്യങ്ങളിലെ കലാപ്രകടനങ്ങളും വെടിക്കെട്ടും അരങ്ങേറും.
ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ജൂൺ 16 ന് ആരംഭിച്ച് മൂന്ന് ദിവസം നീളുന്ന വിനോദ, സാംസ്‌കാരിക പരിപാടികൾ പ്രഖ്യാപിച്ചിരിക്കുകയാണ് കതാറ കൾചറൽ വില്ലേജ്. 'ദി ഗാർഡൻ ഓഫ് ഡ്രീംസ്'എന്ന നാടകം ഉൾപ്പെടെ സംഗീത-നാടക പ്രദർശനങ്ങൾ അടക്കം നിരവധി പരിപാടികളാണ് സന്ദർശകർക്കായി ഒരുക്കുന്നത്.
ചൈന, സിറിയ, മൊറോക്കോ, ജോർദാൻ, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുമുള്ള കലാ സംഘങ്ങളുടെ പ്രകടനവും പരമ്പരാഗത ഖത്തരി അർദാ നൃത്തവും പൊലീസ് മ്യൂസിക് ബാൻഡിന്റെ പ്രത്യേക പ്രദർശനവും ഉണ്ടാകും.
പെരുന്നാൾ ആഘോഷിക്കാനെത്തുന്ന കുരുന്നുകൾക്ക് വിപുലമായ കലാ ശിൽപശാലകളും മത്സരങ്ങളുമാണ് ഒരുക്കുന്നത്. കാറുകളിൽ സന്ദർശകർക്കായി ഈദ് സമ്മാനമായ ഈദിയ്യ വിതരണം ചെയ്യും. രണ്ടാം ദിനം അറബി, ഇംഗ്ലീഷ് ഭാഷകളിലായി ത്രി-ഡി ചിത്രപ്രദർശനവും ഉണ്ടാകും. കതാറയിലെ പ്രധാന പെരുന്നാൾ കാഴ്ചകളിലൊന്നായ കൂറ്റൻ വെടിക്കെട്ട് ജൂൺ 16, 17, 18 തീയതികളിലായിരിക്കും. 10 മിനിറ്റോളം നീളുന്ന വെടിക്കെട്ട് പ്രകടനം രാത്രി 10 മണിക്ക് ആരംഭിക്കും. കതാറ ബീച്ചിലെത്തുന്നവർക്കായി പ്രത്യേക കുടുംബ സൗഹൃദ അന്തരീക്ഷമൊരുക്കുമെന്നും അധികൃതർ അറിയിച്ചു.