ലോകകപ്പ് സമയത്ത് ആരാധകരുടെ യാത്ര സുഗമമാക്കാൻ സർവ സജ്ജമായി ലുസൈൽ ബസ് സ്റ്റേഷൻ
|ലുസൈൽ മെട്രോ സ്റ്റേഷനും, അൽ ഖോർ കോസ്റ്റൽ റോഡിനും സമീപത്താണ് ലുസൈൽ ബസ് സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്. ലുസൈൽ സ്റ്റേഡിയത്തിൽനിന്ന് അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിലേക്കുള്ള യാത്ര സുഗമമാക്കുന്ന രീതിയിലാണ് ക്രമീകരണം.
ദോഹ: ലോകകപ്പ് സമയത്ത് ആരാധകർക്ക് സ്റ്റേഡിയങ്ങളിലേക്കുള്ള യാത്ര സുഖകരമാക്കാൻ സർവ സജ്ജമായി ലുസൈൽ ബസ് സ്റ്റേഷൻ. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനായി നിർമിച്ച എട്ട് സ്റ്റേഷനുകളിൽ ഒന്നാണ് ലുസൈൽ ബസ് സ്റ്റേഷൻ.
ലുസൈൽ മെട്രോ സ്റ്റേഷനും, അൽ ഖോർ കോസ്റ്റൽ റോഡിനും സമീപത്താണ് ലുസൈൽ ബസ് സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്. ലുസൈൽ സ്റ്റേഡിയത്തിൽനിന്ന് അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിലേക്കുള്ള യാത്ര സുഗമമാക്കുന്ന രീതിയിലാണ് ക്രമീകരണം. ദോഹ മെട്രോ, മെട്രോ ലിങ്ക് സർവീസ്, ലുസൈൽ ട്രാം, പാർക്ക് ആന്റ് റൈഡ് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളുമായും സ്റ്റേഷൻ ബന്ധിപ്പിച്ചിട്ടുണ്ട്.
39,708 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്റ്റേഷനിൽ ഒമ്പത് പാതകളോട് കൂടിയ പാർക്കിങ് ഏരിയകളാണ് സജ്ജീകരിച്ചത്. പ്രതിദിനം 10,000 യാത്രക്കാരെ ഉൾകൊള്ളാൻ കഴിയും. മണിക്കൂറിൽ 40 ബസുകൾ ഇവിടെനിന്ന് സർവീസ് നടത്താം. പൊതുഗതാഗതം പരിസ്ഥിതി സൗഹൃദമാക്കുകയെന്ന ഖത്തർ ദേശീയ വിഷൻ 2030 പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ചാർജിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.