Qatar
ലുലു ഗ്രൂപ്പിന്റെ ഖത്തറിലെ 18ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു
Qatar

ലുലു ഗ്രൂപ്പിന്റെ ഖത്തറിലെ 18ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു

Web Desk
|
21 April 2022 6:22 AM GMT

ലുലു ഗ്രൂപ്പിന്റെ ആഗോളതലത്തിലെ 231ാമത്തെയും ഖത്തറിലെ 18ാമത്തെയും ഹൈപ്പര്‍മാര്‍ക്കറ്റ് ഐന്‍ ഖാലിദില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ വ്യവസായ പ്രമുഖന്‍ ശൈഖ് അബ്ദുള്ള ബിന്‍ ഹസ്സന്‍ ആല്‍ഥാനിയും, ശൈഖ് ഫലാഹ് ബിന്‍ അലി ബിന്‍ ഖലീഫ ആല്‍ഥാനിയും ഉദ്ഘാടനം നിര്‍വഹിച്ചു.

150,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വിവിധ രാജ്യക്കാരുടെ താല്‍പര്യത്തിനനുസരിച്ചുള്ള ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഏറ്റവും ആകര്‍ഷകമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.

പ്ലാനറ്റ് വൈ, ജ്യൂസ് സ്റ്റേഷന്‍, റീ ഫില്‍ സെക്ഷന്‍, എക്കോ ഫ്രണ്ട്‌ലി, സ്റ്റെം ടോയ്സ് തുടങ്ങി നിരവധി സവിശേഷതകള്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഒരുക്കിയിട്ടുണ്ട്. ഖത്തറില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാനായതില്‍ സന്തോഷമുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. ഈ വര്‍ഷം മൂന്ന് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി ഖത്തറില്‍ ആരംഭിക്കും. നവംബറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ മുന്നോടിയായി ഫിഫ ഫാന്‍ സോണില്‍ പുതിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഒക്ടോബറില്‍ ആരംഭിക്കും.

പുതിയ ഐന്‍ ഖാലിദ് ഉദ്ഘാടനത്തോടെ ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ എണ്ണം 18 ആയി. ഖത്തര്‍ ഭരണാധികാരികളുടെയും അധികാരികളുടെയും സഹായത്തോടെയും പിന്തുണയോടെയുമാണ് ഈ നേട്ടത്തിലെത്തി നില്‍ക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ഡയരക്ടര്‍ ഡോ. മുഹമ്മദ് അല്‍താഫ് പറഞ്ഞു.

ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍, ശൈഖ് അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ അബ്ദുല്ല ആല്‍ഥാനി, നബീല്‍ അബു ഈസ, ആദില്‍ അബ്ദുല്‍ റസാഖ്, നാസര്‍ അല്‍ അന്‍സാരി, സി.വി റപ്പായി, ഡോ. ആര്‍ സീതാരാമന്‍, ലുലു ഖത്തര്‍ റീജിയണല്‍ ഡയരക്ടര്‍ എം.ഒ ഷൈജന്‍, ശ്രീലങ്ക, ഇന്തോനേഷ്യ, ജോര്‍ജിയ, അര്‍മീനിയ അംബാസഡര്‍മാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Similar Posts