ഖത്തറിലെ അൽ മൻസൂറയിൽ കെട്ടിടം തകർന്നു മരിച്ചവരിൽ മലയാളിയും
|മലപ്പുറം നിലമ്പൂർ ചന്തക്കുന്ന് സ്വദേശി മുഹമ്മദ് ഫൈസൽ പാറപ്പുറവൻ (49) ആണ് മരിച്ചത്.
ദോഹ: ഖത്തറിലെ അൽ മൻസൂറയിൽ കെട്ടിടം തകർന്ന് മരിച്ചവരിൽ മലയാളിയും. മലപ്പുറം നിലമ്പൂർ ചന്തക്കുന്ന് സ്വദേശി മുഹമ്മദ് ഫൈസൽ പാറപ്പുറവൻ (49) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ദോഹ അൽ മൻസൂറയിലെ ബിൻ ദിർഹാമിൽ തകർന്നുവീണ നാലുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് വെള്ളിയാഴ്ചയാണ് ഫൈസലിന്റെ മൃതദേഹം കണ്ടെടുത്തത്.
കെട്ടിടത്തിൽ താമസിച്ചിരുന്ന ഫൈസലിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രികളും മോർച്ചറിയിലും അന്വേഷിച്ചിരുന്നെങ്കിലും ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയ വിവരം ലഭിച്ചത്. ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രി മോർച്ചറിയിലെത്തിച്ച മൃതദേഹം ദോഹയിലുള്ള ഭാര്യാ സഹോദരനും സുഹൃത്തുക്കളും തിരിച്ചറിഞ്ഞു. അപകടത്തിൽ ഒരു മരണം നേരത്തെ തന്നെ അധികൃതർ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഫൈസലിന്റെ മരണവാർത്ത ഇതുവരെ വരെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല.
ഫൈസൽ കുപ്പായി എന്നറയിപ്പെടുന്ന ഫൈസൽ കലാരംഗത്തും സജീവമായിരുന്നു. ഗായകനും ചിത്രകാരനുമായി ദോഹയിലെ വേദികളിൽ നിറസാന്നിധ്യമായിരുന്നു. ദീർഘകാലം സൗദിയിലായിരുന്ന ഫൈസൽ രണ്ടു വർഷം മുമ്പാണ് ഖത്തറിലെത്തിയത്. പാറപ്പുറവൻ അബ്ദുസമദാണ് പിതാവ്. മാതാവ് ഖദീജ. റബീനയാണ് ഭാര്യ. വിദ്യാർഥികളായ റന, നദ, മുഹമ്മദ് ഫെബിൻ എന്നിവർ മക്കളാണ്.
ജാർഖണ്ഡ് സ്വദേശി ആരിഫ് അസീസ് മുഹമ്മദ് ഹസ്സൻ, ആന്ധ്രാസ്വദേശി ശൈഖ് അബ്ദുൽ നബി ശൈഖ് ഹുസൈൻ എന്നിവരാണ് മരിച്ച മറ്റു ഇന്ത്യക്കാർ. കൂടുതൽ ഇന്ത്യക്കാർ അപകടത്തിൽപ്പെട്ടതായി സംശയിക്കുന്നുണ്ട്. ബുധനാഴ്ച രാവിലെ 8.30ഓടെയാണ് നാലുനില കെട്ടിടം തകർന്നു വീണത്. ഇവിടെനിന്ന് ഏഴുപേരെ രക്ഷാസംഘം ഉടൻ തന്നെ രക്ഷപ്പെടുത്തിയിരുന്നു. വ്യാഴാഴ്ചയോടെ രണ്ട് സ്ത്രീകളെയും പുറത്തെടുത്തു. 12 കുടുംബങ്ങളെ അധികൃതർ സുരക്ഷിതമായി മാറ്റിയിരുന്നു.