ഖത്തര്‍ ലോകകപ്പില്‍ പണം വാരി ക്ലബുകള്‍; കൂടുതല്‍ നേട്ടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്
|ക്ലബുകളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ലോകകപ്പിന് താരങ്ങളെ വിട്ടുനല്‍കാന്‍ ഒരു കളിക്കാരന് പ്രതിദിനം 10,950 യു.എസ് ഡോളറാണ് നല്‍കേണ്ടത്
ദോഹ: ഖത്തര്‍ ലോകകപ്പിന് താരങ്ങളെ വിട്ടുനല്‍കിയതിന് കൂടുതല്‍ പണം ലഭിച്ചത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിക്ക്. 36.77 കോടി രൂപയാണ് സിറ്റിക്ക് ലഭിച്ചത്. 440 ക്ലബുകള്‍ക്കായി 1,672 കോടി രൂപയാണ് ഫിഫ നല്‍കിയത്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ 15 സീനിയര്‍ താരങ്ങളാണ് ഇത്തവണ ഖത്തറില്‍ ലോകകപ്പ് കളിക്കാനെത്തിയത്. ഇതില്‍ 13 താരങ്ങളും നോക്കൌട്ട് കളിച്ചു. അര്‍ജന്റീനയുടെ യുവതാരം ഹൂലിയന്‍ അല്‍വാരസ് കപ്പുമായാണ് മടങ്ങിയത്.
ക്ലബുകളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ലോകകപ്പിന് താരങ്ങളെ വിട്ടുനല്‍കാന്‍ ഒരു കളിക്കാരന് പ്രതിദിനം 10,950 യു.എസ് ഡോളറാണ് നല്‍കേണ്ടത്. ടൂര്‍ണമെന്റ് തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നത് വരെ ഓരോ ദിവസവും ഇങ്ങനെ പണം നല്‍കണം. ഇതുവഴി ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ സിറ്റിക്ക് 36.77 കോടി രൂപ ലഭിച്ചു. ബാഴ്സലോണയാണ് രണ്ടാമത് 36.31 കോടി രൂപ.
ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കാണ് മൂന്നാം സ്ഥാനത്ത്. യൂറോപ്പിന് പുറത്ത് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ഖത്തരി ക്ലബ് അല്‍സദ്ദാണ്. 22.54 കോടി രൂപയാണ് അല്‍സദ്ദിന് ലഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 440 ക്ലബുകള്‍ക്ക് 1672 കോടി രൂപ ഫിഫ ക്ലബ് ബെനഫിറ്റ് പ്രോഗ്രാമിലൂടെ ലഭിച്ചു. അമേരിക്കന്‍ ലോകകപ്പില്‍ ഈ തുക കുത്തനെ ഉയര്‍ത്താനൊരുങ്ങുകയാണ് ഫിഫ.